ഓപ്പണിങ്ങ് വീക്കെൻഡ് കളക്ഷനിൽ താണ്ഡവമാടി ‘ഭീഷ്മ പർവ്വം’; ബോക്സ് ഓഫീസ് റിപ്പോർട്ട്…

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ‘ഭീഷ്മ പർവ്വം’ തീയേറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുക ആണ്. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ആക്ഷൻ ത്രില്ലറിന് പ്രേക്ഷകർക്ക് ഇടയിൽ നിന്ന് ലഭിച്ചത് വമ്പൻ അഭിപ്രായങ്ങൾ ആണ്. ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഇപ്പോൾ കേരള ബോക്സ് ഓഫീസിലെ മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ ആയി ചിത്രത്തിന് കേരള ബോക്സ് ഓഫീസിൽ നിന്ന് ലഭിച്ചത് 22 കോടി പതിനഞ്ച് ലക്ഷം രൂപ ആണ്. 2019ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫറിന് 22 കോടി പത്തു ലക്ഷം രൂപ എന്ന റെക്കോർഡ് ആണ് ഭീഷ്മ പർവ്വം മറികടന്നത്.

നാൽപത്തി മൂന്ന് കോടി രൂപയോളം കളക്ഷൻ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടാൻ ആയി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കളക്ഷൻ വന്നിരിക്കുന്നത്. നാല് ദിവസം കൊണ്ട് 19 കോടി 50 ലക്ഷം രൂപയാണ് അവിടെ നിന്നുള്ള കളക്ഷൻ. ചിത്രം വൈകാതെ തന്നെ 50 കോടി ക്ലബ്ബിൽ സ്ഥാനം നേടും എന്നാണ് വിലയിരുത്തൽ.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, നാദിയ മൊയ്‌തു, നെടുമുടി വേണു, കെപിഎസി ലളിത, അനഘ, ദിലീഷ് പോത്തൻ തുടങ്ങിയവർ ആണ് മമ്മൂട്ടിക്ക് ഒപ്പം ചിത്രത്തിൽ അഭിനയിച്ചത്. അമൽ നീരദ് മേക്കിങ് കൊണ്ടും സുഷിൻ ശ്യാമിന്റെ സംഗീതം കൊണ്ടും ചിത്രം പ്രേക്ഷകരെ രസിപ്പിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് ആണ് കുതിക്കുന്നത്.