സാബു സിറിലും എത്തി; ഇന്ത്യൻ സിനിമയിലെ വിസ്മയമാകാൻ മോഹൻലാൽ – പ്രിയദർശൻ ചിത്രം!
മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം, ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയ ചിത്രങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ പ്രിയദർശൻ. ഇപ്പോൾ ഓരോ ദിവസവും ഗംഭീര വാർത്തകൾ ആണ് ഈ ചിത്രത്തെ കുറിച്ച് ഒഫീഷ്യൽ ആയി തന്നെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്.
കുഞ്ഞാലി മരക്കാർ ഒന്നാമൻ ആയി മധു എത്തുമെന്നും, കുഞ്ഞാലി മരക്കാർ രണ്ടാമനും മൂന്നാമനും ആയി ബോളിവുഡിലെയും കോളിവുഡിലെയും വമ്പന്മാർ എത്താൻ സാധ്യത ഉണ്ടെന്നുമുള്ള വാർത്തകൾക്ക് ശേഷം ഇപ്പോൾ പ്രിയദർശൻ തന്നെ ഓദ്യോഗികമായി അറിയിച്ചിരിക്കുന്നത് ചിത്രത്തിന്റെ കലാ സംവിധായകൻ ആരെന്ന കാര്യമാണ്.
അത് മറ്റാരുമല്ല, പ്രിയദർശനൊപ്പം നാൽപ്പത്തിമൂന്ന് ചിത്രങ്ങളിൽ സഹകരിച്ചിട്ടുള്ള, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, അന്യൻ, എന്തിരൻ, ബാഹുബലി തുടങ്ങി ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ദൃശ്യ വിസ്മയങ്ങളിലെ കലാ സംവിധായകനായി ജോലി ചെയ്തിട്ടുള്ള സാബു സിറിൽ ആണ് മരക്കാർ: അറബിക്കടലിന്റെ സിംഹത്തിലും കലാ സംവിധായകൻ ആയി ജോലി ചെയ്യുക. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപ്പിടിപ്പുള്ള പ്രൊജക്റ്റ് ഡിസൈനർ ആണ് സാബു സിറിൽ. തന്റെ കലാ സംവിധാന മികവിലൂടെ ചരിത്രം പുനഃസൃഷ്ടിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന മികവ് വാക്കുകൾ കൊണ്ട് വിശദീകരിക്കാവുന്നതിലും അപ്പുറമാണ്.
മോഹൻലാൽ, പ്രിയദർശൻ എന്നിവരുമായി ചേർന്നാണ് അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ളത് എന്നത് കൊണ്ട് തന്നെ ഇവരുമായുള്ള സാബു സിറിളിന്റെ സൗഹൃദവും ഏവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ തന്റെ സ്വപ്ന ചിത്രത്തിനായി പ്രിയദർശൻ വിളിക്കുമ്പോൾ സാബു സിറിൽ എത്തുന്നത് ഒരുപക്ഷെ തന്റെ കരിയറിലെയും ഏറ്റവും ഗംഭീര ജോലി ചെയ്യാനാവും എന്നുറപ്പ്. നൂറ് കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, സി ജെ റോയ് എന്നിവർ ചേർന്നാണ് നിർമ്മിക്കുക.
വായിക്കാം: മോഹൻലാൽ – പ്രിയൻ ടീമിന്റെ കുഞ്ഞാലി മരക്കാർ ചിത്രം 22 വർഷം മുൻപേ പരിഗണനയില് ഉള്ള പ്രൊജക്റ്റ്