ബാലയ്യയുടെ മാസ് ഡാൻസിന് ഒപ്പം തിളങ്ങി സംയുക്തയും; അഖണ്ഡ 2-ലെ പുതിയ ഗാനം പുറത്ത്

നന്ദമുരി ബാലകൃഷ്ണയും ബോയപതി ശ്രീനുവും വീണ്ടും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘അഖണ്ഡ 2’-ൽ നിന്നുള്ള പുതിയ ഗാനം പുറത്തിറങ്ങി. “ജാജിക്കായ ജാജിക്കായ” എന്ന് തുടങ്ങുന്ന ഗാനം, നവംബർ 18-ന് റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. നന്ദമുരി ബാലകൃഷ്ണയും നായിക സംയുക്ത മേനോനും ആണ് ഈ ഗാന രംഗത്തിൽ ആകർഷകമായ നൃത്തച്ചുവടുകളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വിശാഖപട്ടണത്തെ ജഗദംബ തിയേറ്ററിൽ നടന്ന ചടങ്ങിലാണ് ഗാനം ആരാധകർക്കായി സമർപ്പിച്ചത്.
ആദ്യ ഭാഗത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാക്കിയ സംഗീതസംവിധായകൻ തമൻ എസ് ആണ് ഈ ഗാനത്തിനും പിന്നിൽ. ബ്രിജേഷ് ഷാൻഡില്യ, ശ്രേയ ഘോഷാൽ എന്നിവരുടെ ശബ്ദമാധുരിയും കാകർല ശ്യാമിൻ്റെ വരികളും ഗാനത്തിന് ജീവൻ നൽകുന്നു. ബാലകൃഷ്ണയുടെ സ്ക്രീൻ പ്രസൻസിനും എനർജിക്കും പൂർണ്ണമായും യോജിച്ച രീതിയിൽ ഭാനു മാസ്റ്റർ ഒരുക്കിയ നൃത്തസംവിധാനം ഇതിനകം തന്നെ പ്രശംസ നേടിക്കഴിഞ്ഞു.
2021-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘അഖണ്ഡ’യുടെ തുടർച്ചയായി എത്തുന്ന ‘അഖണ്ഡ 2: താണ്ഡവം’, ഡിസംബർ 5, 2025-ന് ആഗോളതലത്തിൽ റിലീസിനൊരുങ്ങുകയാണ്. 14 റീൽസ് പ്ലസ് നിർമ്മിക്കുന്ന ചിത്രം തെലുങ്കിന് പുറമെ, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും 3D പതിപ്പുകളിലും എത്തും. ചിത്രത്തിൻ്റെ ടീസറും ആദ്യ ഗാനമായ “താണ്ഡവ”വും നേടിയ വൻ സ്വീകാര്യതയ്ക്ക് ശേഷം ആണ് രണ്ടാം ഗാനമായ ‘ജാജിക്കായ’ എത്തിയിരിക്കുന്നത്.
അഘോര എന്ന കഥാപാത്രമുൾപ്പെടെ ഇരട്ട വേഷത്തിലാണ് ബാലകൃഷ്ണ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ ആദ്യമായി ബാലകൃഷ്ണയുടെ നായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആദി പിനിഷെട്ടി ഒരു പ്രധാന വേഷം ചെയ്യുമ്പോൾ, ‘ബജ്റംഗി ഭായ്ജാൻ’ ഫെയിം ഹർഷാലി മൽഹോത്ര ഈ ചിത്രത്തിലൂടെ ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. സി. രാംപ്രസാദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ തമ്മിരാജുവാണ്. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

