in

ദിലീപിന്റെ D152 ആരംഭിച്ചു; സംവിധായകൻ ജഗൻ ഷാജി കൈലാസ്

ദിലീപിന്റെ D152 ആരംഭിച്ചു; സംവിധായകൻ ജഗൻ ഷാജി കൈലാസ്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. നവംബർ പന്ത്രണ്ടിന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആണ് ചിത്രം ആരംഭിച്ചത്. D152 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ നായകൻ ദിലീപ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി ആണ് ഫസ്റ്റ് ക്ലാപ് നൽകിയത്.

ഉർവ്വശി തീയേറ്റേഴ്സ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്സ്. ഇ കുര്യൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് സംഗീത് സേനൻ, നിമിതാ ഫ്രാൻസിസ് എം. എക്സിക്കുട്ടീവ് പ്രൊഡ്യുസർ – രഘു സുഭാഷ് ചന്ദ്രൻ. ഒരു പക്കാ ത്രില്ലർ മൂഡിൽ ആണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ആദ്യാവസാനം പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രമായാണ് ഇതൊരുക്കുന്നത് എന്നാണ് റിപ്പോർട്ട്.

ദിലീപിനു പുറമേ ബിനു പപ്പു, വിലാസ് ചന്ദ്രൻ, ഹരിശ്രീ അശോകൻ, ശാരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ താരനിരയിലുണ്ട്. വിബിൻ ബാലചന്ദ്രൻ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സംഗീതം – മുജീബ് മജീദ്, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് –സൂരജ്. ഈ.എസ്. തൊടുപുഴയിലും പരിസരങ്ങളിലുമായി ആണ് ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഉർവ്വശി തീയേറ്റേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കും.

നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ഭ.ഭ.ബ ആണ് ദിലീപിന്റെ അടുത്ത റിലീസ്. ചിത്രം ഡിസംബർ പതിനെട്ടിന് ആഗോള റിലീസായി എത്തും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പ്രതീക്ഷയേറ്റുന്ന മമ്മൂട്ടി നടനവുമായി ‘കളങ്കാവൽ’; ഓവർസീസ് റൈറ്റ്സ് ആർ.എഫ്.ടി ഫിലിംസിന്