മൽസരിച്ച് ചുവട് വെച്ച് കല്യാണിയും കൃതിയും; രവി മോഹന്റെ ‘ജീനി’യിലെ ആദ്യ ഗാനം പുറത്ത്

രവി മോഹനെ നായകനാക്കി അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന ‘ജീനി’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. എ.ആർ. റഹ്മാൻ സംഗീതമൊരുക്കിയ ‘അബ്ദി അബ്ദി’ എന്ന് തുടങ്ങുന്ന ഗാനത്തിൽ രവി മോഹനൊപ്പം കല്യാണി പ്രിയദർശനും കൃതി ഷെട്ടിയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിൻ്റെ പ്രൊമോ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കഠിനമായ ചിത്രീകരണങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് കല്യാണി പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു.
തൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുവന്ന് പുതിയ കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും, ഈ ഗാനം അത്തരത്തിലുള്ള ഒരു വലിയ വെല്ലുവിളിയായിരുന്നുവെന്നും കല്യാണി സമൂഹമാധ്യമത്തിൽ കുറിച്ചു. വാണിജ്യപരമായ ഒരു ഗാനം ഇത്രയേറെ പ്രാധാന്യത്തോടെ കഥയുമായി ചേർത്തുവെച്ചതിന് സംവിധായകനെ കല്യാണി പ്രശംസിക്കുകയും ചെയ്തു.
വേൽസ് ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ ഇഷാരി കെ. ഗണേഷാണ് ഈ ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ വാമിഖ ഗബ്ബിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് പിന്നാലെ എത്തിയ ഗാനവും ആരാധകർ ഏറ്റെടുക്കുകയാണ്.