in , ,

ഫാത്തിമയുടെ ജീവിതം മാറ്റിമറിച്ച ‘കിടക്ക’; ദുൽഖർ തിയേറ്ററുകളിൽ എത്തിക്കുന്ന ‘ഫെമിനിച്ചി ഫാത്തിമ’യുടെ ട്രെയിലർ പുറത്ത്

ഫാത്തിമയുടെ ജീവിതം മാറ്റിമറിച്ച ‘കിടക്ക’; ദുൽഖർ തിയേറ്ററുകളിൽ എത്തിക്കുന്ന ‘ഫെമിനിച്ചി ഫാത്തിമ’യുടെ ട്രെയിലർ പുറത്ത്

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ഈ ചിത്രം ഒക്ടോബർ 10 മുതൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കും. റിയലിസ്റ്റിക് അവതരണ ശൈലിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സൂചനകളാണ് ട്രെയിലർ നൽകുന്നത്.

സാധാരണക്കാരിയായ ഫാത്തിമ എന്ന സ്ത്രീയുടെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. അവരുടെ ജീവിതത്തിലേക്ക് ഒരു പഴയ കിടക്ക കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന നർമ്മവും വൈകാരികവുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷംല ഹംസയാണ് ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയെ അവതരിപ്പിക്കുന്നത്. കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, സംവിധായകൻ ഫാസിൽ മുഹമ്മദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

തിയേറ്റർ റിലീസിന് മുൻപ് തന്നെ ഐഎഫ്എഫ്‌കെയിൽ മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച മലയാള ചിത്രം എന്നിവയ്ക്കുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള പത്മരാജൻ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, ജെ.സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്, പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ് എന്നിവയും ചിത്രത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. താമർ അവതരിപ്പിക്കുന്ന ഈ ചിത്രം എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിംഗ്- ഫാസിൽ മുഹമ്മദ്, പശ്ചാത്തല സംഗീതം – ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ – ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് – സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് – ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ – പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് – വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് – ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ – ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ – നജീഷ് പി എൻ, പിആർഒ – ശബരി

ബോക്സ് ഓഫീസ് പ്രകമ്പനം സൃഷ്ടിച്ച് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിനം വാരികൂട്ടിയത് കോടികൾ, കണക്കുകൾ പുറത്ത്

മൽസരിച്ച് ചുവട് വെച്ച് കല്യാണിയും കൃതിയും; രവി മോഹന്റെ ‘ജീനി’യിലെ ആദ്യ ഗാനം പുറത്ത്