in

ബോക്സ് ഓഫീസ് പ്രകമ്പനം സൃഷ്ടിച്ച് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിനം വാരികൂട്ടിയത് കോടികൾ, കണക്കുകൾ പുറത്ത്

ബോക്സ് ഓഫീസ് പ്രകമ്പനം സൃഷ്ടിച്ച് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിനം വാരികൂട്ടിയത് കോടികൾ, കണക്കുകൾ പുറത്ത്

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിലെത്തിയ ‘കാന്താര ചാപ്റ്റർ 1’ ആഗോള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാടുമായി 83 കോടി രൂപയിലധികം കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഈ വർഷം ഒരു ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണിംഗ് കളക്ഷൻ എന്ന റെക്കോർഡും ഇതോടെ ‘കാന്താര’ സ്വന്തമാക്കി.

ചിത്രത്തിന് ഏറ്റവും വലിയ കളക്ഷൻ ലഭിച്ചത് കർണാടകയിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ്. കർണാടകയിൽ 22 കോടി രൂപ നേടിയപ്പോൾ, ഉത്തരേന്ത്യൻ ബെൽറ്റിൽ നിന്ന് 21.50 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ആന്ധ്രാപ്രദേശ്/തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് 13.75 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 6.25 കോടിയും ചിത്രം സ്വന്തമാക്കി. വിദേശ മാർക്കറ്റുകളിൽ നിന്നും 13.50 കോടി രൂപയുടെ ഗംഭീര കളക്ഷനും ആദ്യ ദിനം രേഖപ്പെടുത്തി.

കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണത്തിനെത്തിച്ച ചിത്രം ആദ്യ ദിനം 6.06 കോടി രൂപയാണ് സംസ്ഥാനത്ത് നിന്ന് നേടിയത്. ഇതോടെ ‘എമ്പുരാൻ’ (14.07 കോടി), ‘കൂലി’ (9.75 കോടി) എന്നിവയ്ക്ക് ശേഷം ഈ വർഷം കേരളത്തിൽ ഏറ്റവും മികച്ച ഓപ്പണിംഗ് നേടുന്ന മൂന്നാമത്തെ ചിത്രമായി ‘കാന്താര ചാപ്റ്റർ 1’ മാറി. ആദ്യ ദിനത്തേക്കാൾ വലിയ കളക്ഷൻ രണ്ടാം ദിവസം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

2022-ൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ‘കാന്താര’ എന്ന ചിത്രത്തിന്റെ പ്രീക്വൽ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോംബാലെ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രുക്മിണി വസന്താണ് നായിക. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും അജനീഷ് ലോക്നാഥ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ആദ്യ ഭാഗത്തിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ചിത്രത്തിന്റെ പ്രീക്വലിനായുള്ള കാത്തിരിപ്പ് വർദ്ധിപ്പിച്ചിരുന്നു.

‘ബൾട്ടി’ വിജയകരമായി രണ്ടാം വാരത്തിലേക്ക്; എന്നാൽ പോസ്റ്ററുകൾ കീറിയെറിയപ്പെടുന്നു, കടുത്ത അസഹിഷ്ണുതയെന്ന് നിർമ്മാതാവ്

ഫാത്തിമയുടെ ജീവിതം മാറ്റിമറിച്ച ‘കിടക്ക’; ദുൽഖർ തിയേറ്ററുകളിൽ എത്തിക്കുന്ന ‘ഫെമിനിച്ചി ഫാത്തിമ’യുടെ ട്രെയിലർ പുറത്ത്