in

പ്രഭാസിന്റെ ഹൊറർ റൊമാന്‍റിക് ത്രില്ലർ ‘രാജാസാബ്’ ഡിസംബർ 5ന് എത്തും; ടീസർ റിലീസും പ്രഖ്യാപിച്ചു

പ്രഭാസിന്റെ ഹൊറർ റൊമാന്‍റിക് ത്രില്ലർ ‘രാജാസാബ്’ ഡിസംബർ 5ന് എത്തും; ടീസർ റിലീസും പ്രഖ്യാപിച്ചു

അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട്, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘രാജാ സാബി’ന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബർ 5-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടീസർ ജൂൺ 16-ന് പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും ആരാധകർക്കിടയിൽ ആവേശം നിറച്ചിട്ടുണ്ട്.

കരിയറിൽ ഇതുവരെ കാണാത്തൊരു വേഷപ്പകർച്ചയുമായിട്ടാണ് പ്രഭാസ് ‘രാജാ സാബി’ൽ എത്തുന്നത്. ഹൊറർ റൊമാന്‍റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം, ‘ഹൊറർ ഈസ് ദി ന്യൂ ഹ്യൂമർ’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് എത്തുന്നത്. അമാനുഷികമായ ഘടകങ്ങളും മിത്തുകളും ചേർത്തൊരുക്കുന്ന ഈ ഹൊറർ എൻ്റർടെയ്‌നർ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പ്രണയവും ത്രില്ലിങ് നിമിഷങ്ങളും ചേർന്ന സിനിമാറ്റിക് വിരുന്നായിരിക്കും ‘രാജാ സാബ്’ എന്നും അവർ ഉറപ്പുനൽകുന്നു.

മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, പ്രേക്ഷകപ്രീതി നേടിയ ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നതാണ്. നേരത്തെ പുറത്തിറങ്ങിയ ‘രാജാ സാബി’ന്റെ പൊങ്കൽ സ്പെഷ്യൽ പോസ്റ്ററും പ്രഭാസിന്റെ ജന്മദിനത്തിൽ എത്തിയ മോഷൻ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് വീഡിയോയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മാളവിക മോഹനനാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. നിധി അഗർവാൾ, റിഥി കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ‘രാജാ സാബ്’ തിയേറ്ററുകളിലെത്തും. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ദൃശ്യവിസ്മയമായിരിക്കും ഈ ചിത്രം എന്നാണ് സൂചന.

വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് പളനിയും ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും നിർവഹിക്കുന്നു. ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്. ഡിസംബർ മാസത്തിലെ ബ്ലോക്ക്ബസ്റ്റർ സീസണിൽ ‘രാജാ സാബ്’ ഒരു ഗെയിം ചേഞ്ചർ ആകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

അനുഷ്ക ഷെട്ടി ചിത്രം ‘ഘാട്ടി’യുടെ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റർ പുറത്ത്; റിലീസ് ജൂലൈ 11ന്

ലോകേഷ് യൂണിവേഴ്സിൽ ഞെട്ടിക്കുന്ന ലുക്കിൽ വാൾട്ടറായി നിവിൻ പോളി; ‘ബെൻസ്’ കാരക്ടർ വീഡിയോ