ഫൺ മോഡിൽ പാക്കപ്പ് പറഞ്ഞ് നിവിനും നായൻതാരയും കൂട്ടരും; ‘ഡിയർ സ്റ്റുഡൻ്റ്സ്’ ചിത്രീകരണം പൂർത്തിയായി…

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ നിവിൻ പോളിയും നയൻതാരയും വീണ്ടുമൊന്നിക്കുന്ന ‘ഡിയർ സ്റ്റുഡൻ്റ്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ജോർജ് ഫിലിപ്പ് റോയിയുടെയും സന്ദീപ് കുമാറിൻ്റെയും സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ രസകരമായ പാക്കപ്പ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആറ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ഈ സിനിമയിൽ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും വിനീത് ജയിന്റെ മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരും അഭിനയിക്കുന്നു. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
2019-ൽ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒരുമിച്ചത്. ആ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ, പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വർഷം തന്നെ ‘ഡിയർ സ്റ്റുഡൻ്റ്സ്’ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.