ആദ്യ കേൾവിയിൽ തന്നെ മനസ്സ് കീഴടക്കുന്ന മെലഡി; മോഹൻലാൽ ചിത്രം ‘തുടരും’ പുതിയ ഗാനം എത്തി

മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘കഥ തുടരും’ എന്ന ടൈറ്റിലോടെ പുറത്തു വന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരനും ഗോകുൽ ഗോപകുമാറുമാണ്. ജേക്സ് ബിജോയ് ഈണം നൽകിയ ഗാനത്തിന് വരികൾ രചിച്ചത് ബി കെ ഹരിനാരായണനാണ്. വളരെ വൈകാരികമായി മനസ്സിനെ തൊടുന്ന മനോഹരമായ ഒരു മെലഡിയായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
ആദ്യ കേൾവിയിൽ തന്നെ ശ്രോതാക്കളുടെ മനസ്സിനെ കീഴടക്കാനുള്ള മാജിക് ഈ ഗാനത്തിൽ ഉണ്ടെന്ന ഫീലാണ് “കഥ തുടരും” ഉടനീളം നൽകുന്നത്. ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ വൈകാരികമായ മുഹൂർത്തങ്ങൾക്കും ഏറെ പ്രാധാന്യമുണ്ടെന്ന സൂചനയും ഈ ഗാനം നൽകുന്നുണ്ട്. ചിത്രത്തിലെ “കണ്മണി പൂവേ” എന്ന ഗാനം കഴിഞ്ഞ മാസം പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. എം ജി ശ്രീകുമാറാണ് ആ ഗാനം ആലപിച്ചത്.
റിലീസ് ചെയ്ത രണ്ട് ഗാനങ്ങളും വലിയ ശ്രദ്ധ നേടിയതോടെ തുടരും തീയേറ്ററുകളിലെത്താനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. തരുൺ മൂർത്തി ഒരുക്കിയ ചിത്രം മെയ് റിലീസായി എത്തുമെന്നാണ് വിവരം. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് രണ്ട് മണിക്കൂർ 46 മിനിറ്റാണ് ദൈർഘ്യം. രജപുത്ര വിഷ്വൽ മീഡിയ ബാനറിൽ എം രഞ്ജിത് നിർമ്മിച്ച ചിത്രം രചിച്ചത് കെ ആർ സുനിൽ, തരുൺ മൂർത്തി എന്നിവർ ചേർന്നാണ്.
മോഹൻലാൽ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായി അഭിനയിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശോഭനയാണ്. ഫർഹാൻ ഫാസിൽ, ബിനു പപ്പു, തോമസ് മാത്യു, ഇർഷാദ്, അബിൻ ബിനോ, മണിയൻ പിള്ള രാജു തുടങ്ങി ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം- ഷാജി കുമാർ, എഡിറ്റിങ്- ഷഫീഖ് വി ബി, നിഷാദ് യൂസഫ്.