സ്റ്റൈലിഷ് ലുക്കിൽ മോഹൻലാലും പൃഥ്വിരാജും സംഘവും; പാൻ ഇന്ത്യൻ ശ്രദ്ധ നേടി മുംബൈയിൽ എമ്പുരാന്റെ ഐമാക്സ് ട്രെയിലർ ലോഞ്ച്

മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് ‘എമ്പുരാൻ’ ഐമാക്സ് ട്രെയിലർ മുംബൈയിൽ ഗംഭീരമായി ലോഞ്ച് ചെയ്തു. മുംബൈയിലെ ഇൻഓർബിറ്റ് മാളിലുള്ള ഇനോക്സ് മെഗാപ്ലെക്സിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, രചയിതാവ് മുരളി ഗോപി, ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, നിർമ്മാതാവ് ഗോകുലം ഗോപാലൻ, ഗോകുലം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, നോർത്ത് ഇന്ത്യ വിതരണക്കാരായ എ എ ഫിലിംസ് ഉടമ അനിൽ തടാനി, ഗോകുലം ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത് നായർ തുടങ്ങിയ സിനിമാലോകത്തെ പ്രമുഖർ പങ്കെടുത്തു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ ഐമാക്സ് ട്രെയിലർ ലോഞ്ച് നടക്കുന്നത്.
ട്രെയിലർ ഓൺലൈനിൽ പുറത്തിറങ്ങിയതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വൻ തരംഗമാണ് സൃഷ്ട്ടിക്കുന്നത്. ട്രെയിലറിലെ ഓരോ ദൃശ്യങ്ങളും, ഡയലോഗുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മാർച്ച് 27 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഓവർസീസ് ബുക്കിംഗ് ഇതിനോടകം തന്നെ റെക്കോർഡുകൾ ഭേദിച്ചു കഴിഞ്ഞു. ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്ക് ആരംഭിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഐമാക്സ് സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യും. മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ 6 മണിക്കാണ് ഇന്ത്യയിലും ആഗോള തലത്തിലും പ്രദർശനം ആരംഭിക്കുന്നത്.

മലയാള സിനിമയിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ‘എമ്പുരാൻ’ ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴ്നാട്ടിൽ ശ്രീ ഗോകുലം മൂവീസും, ആന്ധ്രയിലും തെലുങ്കാനയിലും ശ്രീ വെങ്കടേശ്വര ക്രിയേഷൻസും, നോർത്ത് ഇന്ത്യയിൽ എ എ ഫിലിംസും, കർണാടകയിൽ ഹോംബാലെ ഫിലിംസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. 2019 ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ഈ ചിത്രം മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്.
മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രഹണം, ദീപക് ദേവ് സംഗീതവും, അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.