റീ റിലീസിന് ഒരുങ്ങി പ്രഭാസിൻ്റെ ‘സാലാർ’; അഡ്വാൻസ് ബുക്കിംഗ് 50000 കവിഞ്ഞു, ലക്ഷ്യം വൻ റെക്കോർഡുകൾ…

കന്നഡ സിനിമയിലെ ബ്രഹ്മാണ്ഡ സിനിമാ സീരിസായ കെ ജി എഫിന് ശേഷം, സൂപ്പർ ഹിറ്റ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ സലാർ മികച്ച വിജയമാണ് നേടിയെടുത്തത്. 2023 ലെത്തിയ ഈ ചിത്രം നേടിയ ആഗോള ഗ്രോസ് 600 കോടിക്ക് മുകളിലാണ്. രണ്ട് ഭാഗങ്ങളുള്ള ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. വമ്പൻ ആക്ഷൻ രംഗങ്ങളുമായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനമോ അടുത്ത വർഷമോ ആരംഭിക്കുമെന്നാണ് സൂചന.
എന്നാലിപ്പോഴിതാ സലാർ റീ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. മാർച്ച് 21 നാണ് ചിത്രം റീ റിലീസായി എത്തുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഗംഭീര പ്രതികരണങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്യാൻ ഒരാഴ്ചയോളം ബാക്കി നിൽക്കുമ്പോൾ 25000 ത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം വിറ്റു പോയത്. ബുക്കിംഗ് ആരംഭിച്ചു രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ അത് 50000 ടിക്കറ്റുകൾ എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്.
ഈ ട്രെൻഡ് തുടർന്നാൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റീ റിലീസ് ഗ്രോസ്സർ ആയി സലാർ മാറും. ജിയോ ഹോട്ട് സ്റ്റാർ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത് ഒരു വർഷത്തിന് ശേഷവും ഇപ്പോഴും ചിത്രം ട്രെൻഡിങ് ആയി നിൽക്കുമ്പോഴാണ്, ചിത്രത്തിന്റെ ദേശവ്യാപകമായ ജനപ്രിയതയെ മുതലെടുക്കാൻ ഈ റീ റിലീസ് പ്ലാനുമായി അണിയറ പ്രവർത്തകർ എത്തിയത്.
26 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ വിജയ് ചിത്രം ഗില്ലി, 25 കോടിക്ക് മുകളിൽ നേടിയ ഹിന്ദി ചിത്രം യെ ജവാനി ഹൈ ദിവാനി, 32 കോടി നേടിയ തുമ്പാട്, 50 കോടിക്ക് മുകളിൽ നേടിയ സനം തേരി കസം എന്നിവയാണ് റീ റിലീസ് ഹിറ്റുകളിൽ മുന്നിലുള്ള ചിത്രങ്ങൾ. സലാർ കളക്ഷനിൽ ഈ ചിത്രങ്ങളെ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും സിനിമാ ലോകവും ഇന്ത്യൻ ചിത്രങ്ങളുടെ റീ റിലീസ് ചരിത്രത്തിൽ ഏറ്റവും മികച്ച ഓപ്പണിങ് നേടിയത് തെലുങ്കു സൂപ്പർതാരം പവൻ കല്യാൺ നായകനായ ഗബ്ബർ സിങ് ആണ്. അഞ്ചേമുക്കാൽ കോടിയാണ് ഈ ചിത്രം നേടിയ ഓപ്പണിങ് ഡേ ഗ്രോസ്. അതിനെയും മറികടക്കാൻ സലാറിനു കഴിയും എന്നാണ് ഇപ്പോഴത്തെ ട്രെൻഡ് സൂചിപ്പിക്കുന്നത്.