“ഞാൻ അമ്പരന്ന പോലെ എല്ലാ പ്രേക്ഷകരും അമ്പരക്കുമെന്നാണ് പ്രതീക്ഷ”, എമ്പുരാനെ കുറിച്ച് മനസ്സ് തുറന്ന് മണിക്കുട്ടൻ
![](https://newscoopz.in/wp-content/uploads/2025/02/Manikuttan-About-L2-Empuraan-1024x538.jpg)
മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിലെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകളും അവർ തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോയുമാണ് ദിവസം രണ്ടു നേരമായി പുറത്ത് വിടുന്നത്. രാവിലെ പത്തു മണിക്കും വൈകുന്നേരം ആറ് മണിക്കാണ് ഇവ പുറത്ത് വരുന്നത്. ഇതിനോടകം നൈല ഉഷ, അനീഷ് ജി മേനോൻ, ശിവദ, ജിജു ജോൺ, ജൈസ് ജോസ്, ബഹ്സാദ് ഖാൻ എന്നിവർ അവതരിപ്പിക്കുന്ന ആറോളം കഥാപാത്രങ്ങളുടെ പോസ്റ്ററുകളും വീഡിയോകളും പുറത്തു വന്നു.
പ്രശസ്ത നടൻ മണികുട്ടന്റെ കഥാപാത്രത്തെയാണ് ഇന്ന് എമ്പുരാൻ ടീം അവതരിപ്പിച്ചത്. മണിക്കുട്ടൻ എന്ന് തന്നെയാണ് ഈ ചിത്രത്തിലും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആദ്യ ഭാഗമായ ലൂസിഫറിൽ അനീഷ് ജി മേനോന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്ത മണിക്കുട്ടൻ, ഈ രണ്ടാം ഭാഗത്തിൽ ശ്കതമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗം ഡബ്ബ് ചെയ്തപ്പോൾ ഇതിലൊരു വേഷം ഉണ്ടാകുമെന്നു പൃഥ്വിരാജ് വാക്ക് തന്നിരുന്നു എന്നും ആ വാക്ക് അദ്ദേഹം പാലിച്ചു എന്നും മണിക്കുട്ടൻ പറഞ്ഞു.
ഈ ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ തനിക്ക് അനുവാദം ഇല്ലെന്നും എങ്കിലും ചില രംഗങ്ങൾ കണ്ട താൻ അന്തം വിട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. താൻ അമ്പരന്നതുപോലെ പ്രേക്ഷകരും ചിത്രം കണ്ട് അമ്പരക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 27 നു മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ആഗോള റിലീസായി എത്തുന്ന ഈ ചിത്രം രചിച്ചത് മുരളി ഗോപിയാണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ അല്ലിരാജ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്. മൂന്നു ഭാഗങ്ങളുള്ള ഒരു സിനിമാ സീരിസിലെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അതുപോലെ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാം ചിത്രം കൂടിയാണിത്.