“അതൊരു നാഴികക്കല്ലാണ്, അതിനോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ സിനിമ രണ്ടാമത് വരുന്നത്”, വടക്കൻ വീരഗാഥ റീ റിലീസിനെ കുറിച്ച് മമ്മൂട്ടി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ ഇന്ന് (ഫെബ്രുവരി 7ന്) മുതൽ വീണ്ടും പ്രദർശനത്തിന് എത്തുകയാണ്. 4k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്യുന്നത്. 1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും നേടിക്കൊടുത്ത ചിത്രമാണ്.
എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി ചിത്രത്തിന്റെ ഈ പുതിയ പതിപ്പ് എത്തിക്കുന്നത്. മാറ്റിനി നൗ ടീം ആണ് ഇതിനു നേതൃത്വം നൽകുന്നത്. ഇപ്പോഴിതാ, മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിൽ രമേശ് പിഷാരടി നടത്തിയ സംഭാഷണത്തിൽ ഈ ചിത്രത്തിന്റെ റീ റിലീസിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മമ്മൂട്ടി. പണ്ട് കണ്ട സിനിമ തന്നെയാണ് നമ്മൾ കാണുന്നത് എങ്കിലും പുതിയ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഇപ്പോൾ കാണുമ്പോൾ അതിനൊരു ഒരു പുതിയ സിനിമ കാണുന്നത് പോലെയുള്ള അനുഭവം ഉണ്ടാക്കാൻ പറ്റും എന്നാണ് മമ്മൂട്ടി പറയുന്നത്.
വടക്കൻ വീരഗാഥയെ സംബന്ധിച്ചിടത്തോളം റീ റിലീസ് എന്ന് പറയുന്നത് ഈ സിനിമയോട് കാണിക്കുന്ന ഒരു ബഹുമതിയാണ്, ഒരു ബഹുമാനമാണ്, ഒരു അംഗീകാരമാണ് എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. കാരണം, ഇത്രയും കാലത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ എണ്ണപ്പെട്ട ഒരു സിനിമയായ ഈ ചിത്രം വീണ്ടും കാണുന്നത്, ആ സിനിമയോടുള്ള നമ്മുടെ സിനിമാ ആസ്വാദകരുടെ ഒരു നന്ദി പ്രകടനമാണ് എന്നും, ഒരു വടക്കൻ വീരഗാഥ മലയാളത്തിലെ ഒരു നാഴികക്കല്ലാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിർമ്മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ദേശീയ അവാർഡ് നേടിയ ഈ ചിത്രം എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടിയെടുത്തു.