ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ വൻ സ്വാഗിൽ സ്റ്റൈലിഷായി യഷ്; ‘ടോക്സിക്’ ബര്‍ത്ത് ഡേ പീക് വീഡിയോ എത്തി…
കെജിഎഫ് സീരിസിന്റെ മെഗാ വിജയത്തോടെ ഇന്ത്യ മുഴുവൻ തരംഗമായ റോക്കിങ് സ്റ്റാർ യാഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് ടോക്സിക്. ഇന്ത്യൻ സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ടോക്സിക്കിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് യാഷിന്റെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു. ബര്‍ത്ത് ഡേ പീക് എന്ന പേരിലാണ് അപ്ഡേറ്റ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
വളരെ സ്റ്റൈലിഷായും മാസ്സ് ആയും യാഷിനെ അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. “എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. വെളുത്ത സ്യൂട്ടും ഫെഡോറ തൊപ്പിയും ധരിച്ച് ചുണ്ടിൽ ചുരുട്ടുമായി ഒരു ഹൈ ക്ലാസ്സ് ക്ലബ് പാർട്ടിയിൽ യാഷ് എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കെവിഎൻ പ്രൊഡക്ഷൻസിനും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിനും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിച്ച ടോക്സിക് സംവിധാനം ചെയ്യുന്നത് മലയാളി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ആണ്. മൂത്തൊൻ, ലയേഴ്സ് ഡൈസ് തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക -നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഗീതു മോഹൻദാസ് എന്ന സംവിധായിക, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ അവാർഡും ഗ്ലോബൽ ഫിലിം മേക്കിംഗ് അവാർഡും ഉൾപ്പെടെ സ്വന്തമാക്കിയിട്ടുണ്ട്.
കിയാരാ അഡ്വാനി, ഹുമ ഖുറേഷി, നയൻതാര, ഡാരെൽ ഡി സിൽവ, അക്ഷയ് ഒബ്റോയ്, ബെനഡിക്ട് ഗാരറ്റ്, കൈൽ പോൾ എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. 2025 ൽ വമ്പൻ റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.