പാലത്തിന് താഴയും മുകളിലും ചോരപ്പുഴ ഒഴുക്കി ‘മാർക്കോ’; ‘ബ്ലഡ്’ ഗാനം പുറത്ത്

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ റിലീസിന് മുന്നോടിയായി ആദ്യ ഗാനമായ ‘ബ്ലഡ്’ പുറത്തിറങ്ങി. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകർന്നിരിക്കുന്ന ഗാനം റാപ്പർ ഡബ്‌സീ ആണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ഡിസംബർ 20നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
രവി ബസ്രൂറിന്‍റെ സംഗീതവും ഡബ്‍സീയുടെ ശബ്‍ദവും ചേരുന്ന ആദ്യ സിംഗിൾ വൻ ഹൈപ്പ് ചിത്രത്തിന് സിനിമാ പ്രേമികൾക്ക് ഇടയിൽ സൃഷ്ടിക്കും എന്നത് തീർച്ച. മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബൽ ചിത്രത്തിന് വെറുതെ അല്ല നല്കിയിരിക്കുന്നത് എന്ന് ഉറപ്പിക്കുന്നത് ആണ് ഗാനത്തിന്റെ ദൃശ്യങ്ങളും വരികളും ഒക്കെ. രക്തരൂക്ഷിതമായ ഒരു ചിത്രം തന്നെ പ്രതീക്ഷിക്കാം. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഗാനം കാണാം:
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഉണ്ണിയ്ക്ക് ഒപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയ ബോളിവുഡ് താരങ്ങളും പുതുമുഖങ്ങളും വരെ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
‘മിഖായേൽ’ സിനിമയുടെ സ്പിൻഓഫായെത്തുന്ന ‘മാർക്കോ’യുടെ ഛായാഗ്രഹണം ചന്ദ്രു സെൽവരാജ് ആണ് നിർവഹിച്ചത്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.