EXCLUSIVE : നിവിൻ പോളി ചിത്രത്തിന്റെ രചയിതാവായി ഫോറൻസിക് വില്ലൻ; ഒപ്പം ആർഡിഎക്സ്, കണ്ണൂർ സ്ക്വാഡ് രചയിതാക്കളും
മലയാളത്തിന്റെ യുവസൂപ്പർതാരം നിവിൻ പോളി നായകനാവുന്ന പുതിയ ചിത്രം രചിക്കുന്നത് പ്രശസ്ത നടൻ ധനേഷ് ആനന്ദ്. ലിലി, ഫോറൻസിക് തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദിനൊപ്പം, ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സഹരചയിതാവായ ഷബാസ് റഷീദും, കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ സഹരചയിതാവായ മുഹമ്മദ് ഷാഫിയും ചേർന്നാണ് ഈ ചിത്രം രചിക്കുന്നത്. നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നാണ് വിവരം.
ചിത്രം സംവിധാനം ചെയ്യുന്നത് ആരെന്ന വിവരവും മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളും വൈകാതെ തന്നെ പുറത്തു വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. നിവിൻ പോളിയെന്ന ജനപ്രിയ താരത്തെ പൂർണ്ണമായി ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കളർഫുൾ എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്. അത്കൊണ്ട് തന്നെ നിവിൻ പോളിക്ക് തിരിച്ചു വരവ് നൽകുന്ന ഒരു വമ്പൻ ആഘോഷ ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
സന്ദീപ് കുമാർ- ജോർജ് ഫിലിപ്പ് എന്നിവർ ഒരുക്കുന്ന ഡിയർ സ്റ്റുഡന്റസ്, തമിഴ് സംവിധായകൻ റാം ഒരുക്കിയ യേഴു കടൽ യേഴു മലൈ, പി ആർ അരുൺ ഒരുക്കുന്ന വെബ് സീരിസ് ഫാർമ എന്നിവയാണ് ഇനി വരാനുള്ള നിവിൻ പോളി ചിത്രങ്ങൾ. എബ്രിഡ് ഷൈൻ ഒരുക്കുന്ന ആക്ഷൻ ഹീറോ ബിജു 2 , അഖിൽ സത്യൻ ഒരുക്കുന്ന ചിത്രം, ധ്യാൻ ശ്രീനിവാസൻ ചിത്രം, ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം എന്നിവയും നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.