താര പരിവേഷമില്ല, നാട്ടിൻ പുറത്തെ ടാക്സി ഡ്രൈവറായി മോഹൻലാൽ വരുന്നു; തരുൺ മൂർത്തി ചിത്രത്തിൻ്റെ വിവരങ്ങൾ പുറത്ത്…

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം പ്രേക്ഷകർക്ക് വൻ സർപ്രൈസ് ആയി മാറിയിരിക്കുകയാണ്. മോഹൻലാലിൻ്റെ മുന്നൂറ്റി അറുപതാം ചിത്രം അയതിനാൽ L360 എന്ന താത്കാലിക പേര് നൽകിയിരിക്കുന്ന ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇപ്പൊൾ പുറത്തുവന്നിരിക്കുന്നു.
സാധാരണക്കാരായ കുറച്ച് മനുഷ്യരെയും അവരുടെ ജീവിതത്തെയും ഒക്കെ ഫോക്കസ് ചെയ്യുന്ന ഈ ചിത്രത്തിൽ പത്തനംതിട്ട റാന്നിയിലെ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. താര പരിവേഷം ഒന്നുമില്ലാതെ നാട്ടിൻപുറത്തെ ഒരു റിയലിസ്റ്റിക് കഥാപാത്രമായി മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നു എന്നതാണ് പ്രത്യേകത. അടുത്ത മാസം (ഏപ്രിൽ) രണ്ടാം വാരത്തിൽ ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും. റാന്നി, തൊടുപുഴ എന്നിവടങ്ങളിൽ ആണ് ചിത്രീകരണം നടക്കുക.
പ്രമുഖ ദിനപത്രങ്ങളിൽ ലേഖനം എഴുതുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത കെ ആർ സുനിൽ ആണ് ചിത്രത്തിന് കഥ ഒരുക്കിയത്. സംവിധായകൻ തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ചിത്രത്തിലെ മറ്റ് താരങ്ങളെ നിർണയിക്കുന്നത് പുരോഗമിക്കുകയാണ്.
ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവർത്തകർ: ഛായാഗ്രഹണം – ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അവന്തികരഞ്ജിത്. കലാസംവിധാനം – ഗോകുൽദാസ്. മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ – സമീരാസനീഷ്. നിർമ്മാണ നിർവ്വഹണം – ഡിക്സൻപൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. പിആര്‍ഒ വാഴൂര്‍ ജോസ്.
Content Summary: L360 Update – Mohanlal to play a taxi driver in Tharun Moorthy’s next film