90 കളുടെ ബോളിവുഡ് താര രാജാക്കന്മാർ ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്…
80കളിലും 90കളിലും ബോളിവുഡിൽ സൂപ്പർതാരങ്ങളായി തിളങ്ങിയ നാല് താരങ്ങൾ ഒന്നിക്കുന്ന ചിത്രം ഒരുങ്ങുക ആണ്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ മിഥുൻ ചക്രവർത്തി, സണ്ണി ഡിയോൾ, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ് എന്നിവർ ആണ് നായകന്മാർ ആകുന്നത്. ആക്ഷൻ എന്റർടൈനർ ആയി ഒരുങ്ങുന്ന ഈ ചിത്രം വിവേക് ചൗഹാൻ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നിട്ടുണ്ട്. കിടിലൻ മേക്ക്ഓവറിൽ നാല് സൂപ്പർതാരങ്ങളെയും ഫസ്റ്റ് ലുക്കിൽ കാണാൻ കഴിയുന്നുണ്ട്. സീ സ്റ്റുഡിയോസിന്റെ പങ്കാളിത്തത്തോടെ അഹമ്മദ് ഖാനും ഷൈര അഹമ്മദ് ഖാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മിഥുൻ ചക്രവർത്തിയെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആണ് കാണാൻ കഴിയുന്നത്. നീളൻ മുടിയും താടിയും ഒക്കെയായി സണ്ണിയും 2000ത്തിന്റെ തുടക്കത്തിലെ ചില ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന ലുക്കിൽ സ്പൈക്കി ഹെയർസ്റ്റൈലോടെ ഫ്രഞ്ച് കട്ട് തടിയിൽ സഞ്ജയ് ദത്തിനേയും കാണാൻ കഴിയുന്നു. ജാക്കി ഷ്രോഫ് ആകട്ടെ കഴുത്തിൽ ഒരു സ്കാർഫ് കെട്ടിയ ലുക്കിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ആക്ഷൻ എന്റർടൈനർ എന്ന വിവരം മാത്രമാണ് ചിത്രത്തെ സംബന്ധിച്ചുള്ളത്. ‘ബാപ് ഓഫ് ഓൾ ഫിലിംസ്’ എന്ന ഹാഷ് ടാഗോടെ ആണ് സോഷ്യൽ മീഡിയയിൽ താരങ്ങൾ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.