“ഹൃദയം കവർന്ന് കള്ളൻ അടിച്ചത് 50 കോടി”; ‘ന്നാ താൻ കേസ് കൊട്’ കളക്ഷൻ വെളിപ്പെടുത്തി നിർമ്മാതാവ്…
![](https://newscoopz.in/wp-content/uploads/2022/08/Nna-Thaan-Case-Kodu-50-Crore-1024x538.jpg)
ബോക്സ് ഓഫീസിൽ സൂപ്പർ വിജയം കൊയ്ത് മുന്നേറുക ആണ് ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായങ്ങൾ നേടാൻ കഴിഞ്ഞതോടെ ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുക ആയിരുന്നു. ഓഗസ്റ്റ് 11ന് തീയേറ്ററുകളിൽ എത്തിയ ചിത്രം 50 കോടി നേടിയതായി അറിയിച്ചിരിക്കുക ആണ് നിർമ്മാതാവ്. ചിത്രത്തിന്റെ നിർമ്മാതാവ് ആയ സന്തോഷ് ടി കുരുവിള ആണ് ഈ വിവരം അറിയിച്ചത്. ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയായ നായകൻ കുഞ്ചാക്കോ ബോബനും 50 കോടി നേട്ടം സ്ഥിരീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ലോകമലയാളികളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയിൽ ഏറെ സന്തോഷിക്കുന്നു എന്ന് സന്തോഷ് ടി കുരുവിള കുറിച്ചു. “രതീഷ് ബാലകൃഷ്ണൻ പൊതുവാൾ & ക്രൂവിന് ഇത് നേട്ടങ്ങളുടെ ദിനങ്ങളാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കുഞ്ചാക്കോ ബോബൻ, ഒരു നടൻ എന്ന നിലയിൽ ഈ പ്രൊജക്ടിനോട് കാണിച്ച സമർപ്പണവും കഠിനാധ്വാനവും ക്ഷമയും വാക്കുകൾക്ക് അപ്പുറമുള്ളതാണ്. ഈ സിനിമയുടെ പ്രീ ഷൂട്ട് ജോലികൾ മുതൽ ഷൂട്ടിംഗ് , പോസ്റ്റ് പ്രൊഡക്ഷൻ ജോബുകൾ അങ്ങിനെ എല്ലാ സങ്കേതിക വിദഗ്ധരോടും കാസർഗോഡൻ ഗ്രാമങ്ങളിലെ സഹൃദയരായ ജനങ്ങളോടും കലാകാരൻമാരോടും, പ്രൊഡക്ഷൻ ടീം, മാർക്കറ്റിംഗ് ടീം, മാധ്യമ പ്രവർത്തകർ അങ്ങിനെ ബന്ധപ്പെട്ട എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഈ ചിത്രം തീയറ്ററിൽ എത്തി തന്നെ കാണാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.” – സന്തോഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ടോട്ടൽ ബിസിനസിലൂടെ ആണ് ചിത്രം 50 കോടി നേട്ടം കൈവരിച്ചിരിക്കുന്നത്. സംവിധായകൻ രതീഷ് പൊതുവാൾ തന്നെ തിരക്കഥ രചിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത് തമിഴ് നടി ഗായത്രി ശങ്കർ ആയിരുന്നു. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിച്ചിരുന്നു.