‘2018’ എത്തി, ബോക്സ് ഓഫീസ് ഉഷാറായി; കളക്ഷൻ റിപ്പോർട്ട്…
രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ബോക്സ് ഓഫീസിൽ മറ്റൊരു വലിയ ഹിറ്റ് ചിത്രം എത്തിയതിന്റെ സൂചന ലഭിച്ചിരിക്കുകയാണ് എന്ന് ഇനി തീർത്ത് പറയാം. ബോക്സ് ഓഫീസിന് ഉണർവ് ഏകുന്ന ചിത്രം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ്. റിലീസ് ചെയ്ത് ആദ്യ വീക്കെൻഡിൽ മികച്ച കളക്ഷനുമായി ബോക്‌സ് ഓഫീസിനെ തീ പിടിപ്പിച്ചിരിക്കുകയാണ് ചിത്രം. വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 5.07 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റുകളും ഇൻഡസ്ട്രി ട്രാക്കർമാരും പറയുന്നു.
പോസിറ്റീവ് റിവ്യൂകളും മികച്ച പ്രേക്ഷക അഭിപ്രായങ്ങങ്ങളും നേടിയ ചിത്രം കേരളത്തിലും ബെംഗളൂരുവിലുമുള്ള തിയേറ്ററുകളിൽ കൂടുതൽ ഷോകളും കളിക്കുകയാണ്. ആദ്യ ദിനത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 1.85 കോടി രൂപ കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം വാരി കൂട്ടിയത് 3.22 കോടി രൂപ ആണ്. മൂന്നാം ദിനമായ ഞായറാഴ്ചയും വമ്പൻ കളക്ഷൻ ചിത്രം നേടും എന്ന സൂചന തന്നെയാണ് ബുക്കിങ് സ്റ്റാറ്റസുകൾ നൽകുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം 2018-ലെ കേരളത്തിലുണ്ടായ പ്രളയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കേരളത്തെ കണ്ണീഴിലാഴ്ത്തിയ ഈ പ്രതിസന്ധി ഘട്ടത്തിൽ ഉയർന്നുവന്ന നായകന്മാർക്കുള്ള ആദരവ് ആണ് ഈ ചിത്രം. എല്ലാവരും നായകന്മാർ ആണ് എന്ന് അർഥം വരുന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, കലൈയരശൻ, അജു വർഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് തുടങ്ങിയ വലിയ താരനിര ആണ് ഈ ചിത്രത്തിൽ അണിനിരന്നത്.
മികച്ച ഉള്ളടക്കവും സാങ്കേതിക തികവും ശക്തമായ പ്രകടനവും കൂടി ചേർന്ന ഈ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ബോക്‌സ് ഓഫീസ് കളക്ഷൻ. മികച്ച തുടക്ക ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിൽ ഗംഭീരമായ നേട്ടങ്ങൾ സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കാം.