വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരു സോമ്പി ചിത്രവും; ‘ജാമ്പി’ പ്രഖ്യാപിച്ചു…
മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾ ഉൾപ്പെടുന്ന വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സ് നിർമ്മിച്ച് നവാഗതനായ ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ‘ജാമ്പി’ എന്നാണ്. ‘ദി അൺഡെഡ് ഹാവ് എ സ്റ്റോറി റ്റു ടെൽ’ എന്ന് ടൈറ്റിൽ ടാഗ് ലൈൻ നൽകിയിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സോമ്പി ചിത്രം ആയിരിക്കുമെന്നാണ് സൂചന.
ടൈറ്റിൽ വെളിപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2026 ലാണ് റിലീസ് ചെയ്യുക.വീക്കെൻഡ് സിനിമാറ്റിക് യുണിവേഴ്സിലെ രണ്ടാം ചിത്രമായ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ അടുത്ത വർഷമാണ് റിലീസ് ചെയ്യുക. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഈ ചിത്രം നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് രചിച്ചു സംവിധാനം ചെയ്തത്.
നന്ദു മനോജ്, ഹരികൃഷ്ണൻ കെ ആർ, സംവിധായകൻ ജോർജ് കോര എന്നിവർ ചേർന്നാണ് ‘ജാമ്പി’ രചിച്ചിരിക്കുന്നത്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ആദ്യ ചിത്രം മിന്നൽ മുരളി 2021ൽ ആയിരുന്നു റിലീസായത്. ഡയറക്ട് ഒടിടി റിലീസായി എത്തിയ ഈ ചിത്രം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ആണ് സംവിധാനം ചെയ്തത്.