“മോൺസ്റ്റർ മാസ് അല്ല, കണ്ടെന്റ് ഒറിയന്റഡ് സിനിമയാണ്”; മോഹൻലാൽ ചിത്രത്തിന്റെ വിശേഷങ്ങൾ വൈശാഖ് പങ്കുവെക്കുന്നു…
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് – മോഹൻലാൽ ടീം ഒന്നിക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ ആണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചത്. ലക്കി സിങ്ങ് എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുക ആണ് സംവിധായകൻ വൈശാഖ്.
പുലിമുരുകന് ശേഷം ഇരുവരും ഒന്നിക്കുന്നതിനാൽ ഇതും അത് പോലെ ഒരു മാസ് ചിത്രമാണ് എന്നൊരു പ്രതീക്ഷ ആരാധകർ കല്പിക്കുന്നുണ്ടാവാം, ഇതിന് വൈശാഖ് പറഞ്ഞ മറുപടി പുലിമുരുകൻ പോലെ മാസ് സിനിമയല്ല ഇതൊരു കണ്ടെന്റ് ഒറിയന്റഡ് സിനിമയാണ് എന്നാണ്. സബ്ജെക്റ്റിനും അതിന്റെ ട്രീറ്റ്‌മെന്റിനും പ്രധാന്യമുള്ളൊരു ചിത്രമാണ് ഇത് എന്നും വൈശാഖ് പറയുന്നു. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുക ആണെന്ന് വൈശാഖ് കൂട്ടിച്ചേർത്തു. വൈശാഖിന്റെ വാക്കുകൾ:
“മോൺസ്റ്റർ പുലിമുരുകനുമായി ഒരു ബന്ധവും ഇല്ലാത്ത സിനിമയാണ്. അതൊരു മാസ് എന്റർടൈനറേ അല്ല. വളരെ എക്സൈറ്റിങ് ആയിട്ടുള്ളൊരു സിനിമ ആണ് അത്. അതൊരു ത്രില്ലർ ജോണറിൽ ഉള്ളൊരു സിനിമയാണ് എന്ന് പറയാം, എങ്കിൽ പോലും കണ്ടെന്റ് ഓറിയന്റഡ് സിനിമയാണ്, ഒരു സ്ക്രിപ്റ്റ് ഒറിയന്റഡ് സിനിമയാണ്. അതിലെ ഹീറോ ആരാണെന്ന് ചോദിച്ചാൽ സ്ക്രിപ്റ്റ് ആണ് ഹീറോ. അത്രത്തോളം സബ്ജക്റ്റിന് പ്രാധാന്യമുള്ള അതിന്റെ ട്രീറ്റ്‌മെന്റിന് പ്രാധാന്യമുള്ള ഒരു സിനിമയാണ്. അത് ലാൽ സർ ചെയ്യാൻ തയ്യാർ ആയതും അല്ലെങ്കിൽ ആന്റണി ചേട്ടൻ അത് പ്രൊഡ്യൂസ് ചെയ്യാൻ തയ്യാർ ആയതിലും ഒക്കെയാണ് എന്റെ ഒരു എക്സൈറ്റ്മെന്റ്. അത് നല്ലൊരു സിനിമയാണ്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുക ആണ്. ട്രിമ്മിങ് ഒക്കെ കഴിഞ്ഞ് സൗണ്ടിങ്ങ് വർക്കുകൾ നടക്കുക ആണ്.”, വൈശാഖ് പറഞ്ഞു.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് ഡ്രൈവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ആണ് വൈശാഖ് ഇക്കാര്യങ്ങൾ സംസാരിച്ചത്. ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം മാർച്ച് 11ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.