അഭിനയരംഗത്തേക്ക് വിസ്മയ മോഹൻലാലും; ജൂഡ് ആന്റണിയ്ക്കും ആശിർവാദ് സിനിമാസിനും ഒപ്പം “തുടക്കം”

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് കടക്കുന്നു. ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ചിത്രം സംവിധാനം ചെയ്യുന്നു. മോഹൻലാൽ അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നു എന്നും സൂചന ഉണ്ട്. ആശിർവാദ് സിനിമാസിന്റെ 37-ാമത് നിർമ്മാണ സംരംഭമാണ് ഈ ചിത്രം.
“ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി…”, ജൂഡ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എഴുത്തുകാരിയും ആയോധനകല അഭ്യസിക്കുന്നയാളുമാണ് വിസ്മയ മോഹൻലാൽ. 2021-ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാസമാഹാരത്തിലൂടെ വിസ്മയ സാഹിത്യരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. കൂടാതെ, മോഹൻലാൽ സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിൽ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്. തായ് ആയോധനകലയായ മ്യൂ തായ് പരിശീലിച്ചിട്ടുള്ള വിസ്മയയുടെ സാന്നിദ്ധ്യം, കൂടാതെ ടൈറ്റിൽ ലോഗോയും ‘തുടക്കം’ ഒരു ആക്ഷൻ പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കുമെന്ന സൂചന നൽകുന്നു.
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ 2018-ൽ ‘ആദി’യിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചതും ആശിർവാദ് സിനിമാസിന്റെ ബാനറിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ‘2018’ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ അടുത്ത ചിത്രം, അതും വിസ്മയയുടെ അരങ്ങേറ്റ ചിത്രം, വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരെയും താരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.


