in

എന്തിനും തയ്യാറായി ചിയാൻ വിക്രം, അടിമുടി വേറിട്ട ശൈലിയിൽ സുരാജ്; ‘വീര ധീര സൂരൻ’ ട്രെയിലർ ശ്രദ്ധ നേടുന്നു..

എന്തിനും തയ്യാറായി ചിയാൻ വിക്രം, അടിമുടി വേറിട്ട ശൈലിയിൽ സുരാജ്; ‘വീര ധീര സൂരൻ’ ട്രെയിലർ ശ്രദ്ധ നേടുന്നു..

ചിയാൻ വിക്രം നായകനായി എത്തുന്ന വീര ധീര സൂരൻ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മാർച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ് യു അരുണ്‍ കുമാറാണ്. വിക്രത്തോടൊപ്പം എസ് ജെ സൂര്യ, ദുഷാര വിജയൻ, മലയാളി താരം സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

രണ്ടു ഭാഗങ്ങളായി കഥ പറയുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്. വീര ധീര സൂരൻ : പാർട് 2 എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ചിത്രത്തിന്റെ പ്രീക്വൽ ആയ വീര ധീര സൂരൻ : പാർട്ട് വൺ പിന്നീട് റിലീസ് ചെയ്യും. ഒന്നാം ഭാഗത്തിനും മുൻപേ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

റൂറൽ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ വേറിട്ട മേയ്ക്കോവറിലാണ് വിക്രം എത്തിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു വിജിലാന്റി ആക്ഷൻ ത്രില്ലർ ചിത്രമാകും ‘വീര ധീര സൂരൻ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മാത്രമല്ല പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്ന വിക്രം, എസ് ജെ സൂര്യ, സുരാജ് എന്നിവർക്കൊക്കെ ഒരേ സമയം പോസിറ്റീവ്, നെഗറ്റീവ് ഷേഡുകൾ നൽകുന്ന രീതിയിലാണ് കഥാപാത്ര രൂപീകരണം നടത്തിയിരിക്കുന്നതെന്നും ട്രെയിലർ സൂചന നൽകുന്നു. മലയാളി താരം സുരാജ് വെഞ്ഞാറമൂടിനെ മലയാളികൾ ഇതുവരെ കാണാത്ത ശൈലിയിലാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നുണ്ട്.

കണ്ണൻ എന്ന കഥാപാത്രമായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. കാളിയായി വിക്രമും എസ്ഐ എ. അരുണഗിരി ആയി എസ്‌ജെ സൂര്യയും കാളിയുടെ ഭാര്യയായ കലൈവാണിയായി ദുഷാര വിജയനും വേഷമിട്ടിരിക്കുന്നു. പ്രൊവിഷൻ സ്റ്റോർ ഉടമയും കുടുംബനാഥനുമായ കാളിയെ ചുറ്റിപറ്റി വികസിക്കുന്ന ചിത്രം അപകടകരമായ ഒരു ക്രൈം സിന്ഡിക്കേറ്റിൽ അയാൾ എന്ത് പങ്കാണ് വഹിക്കുന്നതെന്നും അയാളുടെ ദൗത്യം എന്തെന്നുമുള്ള കഥയാണ് പറയുന്നതെന്ന സൂചനയും ട്രൈലെർ തരുന്നുണ്ട്.

ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച വീര ധീര സൂരന്റെ ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വർ ആണ്. പ്രസന്ന ജി കെ ആണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും, ‘ആത്തി അടി ആത്തി’ എന്ന് തുടങ്ങുന്ന ഗാനവും നേരത്തെ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാർച്ച് 27 നു തന്നെ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമായ എമ്പുരാനുമായുള്ള ബോക്സ് ഓഫീസ് യുദ്ധവും വീര ധീര സൂരനെ ശ്രദ്ധേയമാക്കുന്നുണ്ട്.

സ്റ്റൈലിഷ് ലുക്കിൽ മോഹൻലാലും പൃഥ്വിരാജും സംഘവും; പാൻ ഇന്ത്യൻ ശ്രദ്ധ നേടി മുംബൈയിൽ എമ്പുരാന്റെ ഐമാക്സ് ട്രെയിലർ ലോഞ്ച്

ആദ്യ കേൾവിയിൽ തന്നെ മനസ്സ് കീഴടക്കുന്ന മെലഡി; മോഹൻലാൽ ചിത്രം ‘തുടരും’ പുതിയ ഗാനം എത്തി