ജനനായകനായി ആരവം സൃഷ്ടിക്കാൻ ദളപതി; വിജയ് – എച്ച് വിനോദ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും എത്തി
തമിഴ് സൂപ്പർ താരം വിജയ് നായകനായി എത്തുന്ന അവസാന ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ദളപതി 69 ന്റെ ഔദ്യോഗികമായ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റയെ പേര് “ജന നായകൻ” എന്നാണ്. റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ കൂടെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത് വന്നത്. വലിയ ഒരു ജനക്കൂട്ടത്തിനൊപ്പം സെൽഫി എടുക്കുന്ന വിജയ് കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്നാണ് സൂചന. കെ വി എൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പൂജ ഹെഗ്ഡെയും വില്ലനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോളുമാണ്. സത്യൻ സൂര്യൻ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
മലയാളി താരം മമിതാ ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, നരെയ്ൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അടുത്ത വർഷം പൊങ്കൽ റിലീസ് ആയാവും ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് സൂചന. ഇപ്പോൾ ദ്രുതഗതിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസത്തോടെ പൂർത്തിയാവുമെന്നാണ് വാർത്തകൾ വരുന്നത്. വിജയ്‌യുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്.
രാഷ്ട്രീയ പ്രവേശനം നടത്തുന്ന വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ഹൈപ്പിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. സതുരംഗ വേട്ടൈ, ധീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ, വാലിമയ്, തുനിവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ആളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ എച്ച് വിനോദ്.