ടൊവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലാകാൻ ‘നരിവേട്ട’; ഡബ്ബിങ് പൂർത്തിയായി…

മലയാളത്തിന്റെ താരങ്ങളായ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും തമിഴ് നടൻ ചേരനും മുഖ്യ കഥാപാത്രങ്ങളിൽ എത്തുന്ന നരിവേട്ടയുടെ ഡബ്ബിങ് പൂർത്തിയായി. അനുരാജ് മനോഹർ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുക ആണ്. അധികം വൈകാതെ തന്നെ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂർത്തിയായത്. പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. നേരത്തെ ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടൊവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടൊവിനോ തോമസ് ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. ഡബ്ബിങ് പൂർത്തിയായി എന്നറിയിച്ചു ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കു വച്ച പോസ്റ്റ് ഇപ്പോൾ വൈറലാണ്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടൊവിനോ തോമസ്, ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ