in

“കരിയർ ഹിറ്റുകളുമായി യുവനിര തിളങ്ങിയ വർഷം”; 2024 ലെ ടോപ് 10 മലയാളം ഹിറ്റുകൾ ഈ ചിത്രങ്ങൾ!

“കരിയർ ഹിറ്റുകളുമായി യുവനിര തിളങ്ങിയ വർഷം”; 2024 ലെ ടോപ് 10 മലയാളം ഹിറ്റുകൾ ഈ ചിത്രങ്ങൾ!

2024 എന്ന വർഷം മലയാള സിനിമയ്ക്കു ഒട്ടേറെ വമ്പൻ ഹിറ്റുകളും അതുപോലെ വലിയ നിരാശകളും സമ്മാനിച്ച ഒന്നായിരുന്നു. യുവതാരങ്ങളിൽ പലരും തങ്ങളുടെ കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് പ്രകടനം നടത്തിയ വർഷമാണ് 2024 . അത്കൊണ്ട് തന്നെ ഈ വർഷത്തെ ബോക്സ് ഓഫീസ് കണക്കെടുപ്പിൽ മുന്നിൽ നിൽക്കുന്നതും യുവതാര ചിത്രങ്ങളാണ്. ഈ വർഷത്തെ ഏറ്റവും വലിയ പത്ത് ഹിറ്റുകളുടെ ലിസ്റ്റ് ആണ് നമ്മൾ പരിശോധിക്കുന്നത്.

ഈ വർഷത്തെ ഏറ്റവും വലിയ വിജയം ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആണ്. ചിദംബരം സംവിധാനം ചെയ്ത ഈ സർവൈവൽ ത്രില്ലർ ചിത്രം ആഗോള തലത്തിൽ 241 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറി. സൗബിൻ ഷാഹിർ നിർമ്മാതാവായും നായകനായും എത്തിയ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ചന്ദു സലിം കുമാർ, ഗണപതി, ബാലു വർഗീസ്, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അരുൺ കുര്യൻ, അഭിരാം, ഖാലിദ് റഹ്മാൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.

പൃഥ്വിരാജ് സുകുമാരൻ നായകനായ ബ്ലെസി ചിത്രമായ ആടുജീവിതമാണ് ഈ വർഷത്തെ രണ്ടാമത്തെ വലിയ ഹിറ്റ്. ബെന്യാമിൻ എഴുതിയ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ചിത്രം 158 കോടി രൂപയാണ് ആഗോള തലത്തിൽ കളക്ഷൻ നേടിയത്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ഈ ചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത മാസ്സ് എന്റെർറ്റൈനെർ ചിത്രം ആവേശമാണ് 2024 ലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റ്. 156 കോടിയാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്. ഫഹദിന്റെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം നിർമ്മിച്ചത് ഫഹദ് ഫാസിൽ, അൻവർ റഷീദ് എന്നിവർ ചേർന്നാണ്.

നസ്ലൻ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി ഒരുക്കിയ പ്രേമലു ആണ് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് മെഗാ ഹിറ്റായ നാലാമത്തെ ചിത്രം. റൊമാന്റിക് കോമഡി ആയി ഒരുക്കിയ ഈ ചിത്രം നേടിയത് 135 കോടിയുടെ ആഗോള ഗ്രോസ് കളക്ഷൻ ആണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം (ARM) ആണ് ഈ വർഷത്തെ നൂറു കോടി ക്ലബിൽ ഇടം പിടിച്ച അഞ്ചാമത്തെ ചിത്രം. 106 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജിതിൻ ലാൽ ആണ്. ഫാന്റസി ആക്ഷൻ ചിത്രമായി ഒരുക്കിയ അജയന്റെ രണ്ടാം മോഷണം നിർമ്മിച്ചത് മാജിക് ഫ്രെയിംസ് , യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്.

90 കോടി ആഗോള ഗ്രോസ് നേടിയ പൃഥ്വിരാജ്- ബേസിൽ ജോസഫ്-വിപിൻ ദാസ് ചിത്രം ഗുരുവായൂരമ്പല നടയിൽ (പൃഥ്വിരാജ് പ്രൊഡക്ഷൻസ്- ഇ ഫോർ എന്റർടൈൻമെന്റ്), 83 കോടി നേടിയ വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷം (മെറിലാൻഡ് സിനിമാസ്), 77 കോടി നേടിയ ആസിഫ് അലി- ദിൻജിത് അയ്യത്താൻ ചിത്രം കിഷ്കിന്ധാ കാണ്ഡം (ഗുഡ് വിൽ എന്റർടൈൻമെന്റ്), 75 കോടിയിലേക്ക് ഇപ്പോൾ കുതിക്കുന്ന ഉണ്ണി മുകുന്ദൻ- ഹനീഫ് അദനി ചിത്രം മാർക്കോ (ക്യൂബ്സ് എന്റർടൈൻമെന്റ്), 72 കോടി നേടിയ മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോ (മമ്മൂട്ടി കമ്പനി എന്നിവയാണ് ടോപ് 10 ഇൽ ഇടം പിടിച്ച മറ്റു ചിത്രങ്ങൾ.

ഇവ കൂടാതെ ഭ്രമയുഗം, സൂക്ഷ്മദർശിനി, വാഴ, എബ്രഹാം ഓസ്‍ലെർ, പണി, ബൊഗൈൻ വില്ല, നുണക്കുഴി, തലവൻ, മോഹൻലാൽ നായകനായ റീ റിലീസുകളായ ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവയും വിജയ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.

“ഭാഷ മനസിലാകില്ല, പക്ഷേ കിടിലൻ വൈബ്”; ബ്രൊമാൻസ് സിനിമയിലെ കല്യാണ പാട്ട് തരംഗമാകുന്നു…

ദളപതിയുടെ ഗില്ലി റെഫെറൻസുമായി ദിലീപിന്റെ ഭ.ഭ.ബ പോസ്റ്റർ; അമ്പരന്ന് ആരാധകർ