വീണ്ടും റെക്കോർഡുകൾ കടപുഴക്കി മോഹൻലാൽ; 50 കോടി കേരളാ ഷെയർ എന്ന ചരിത്രനേട്ടവുമായി “തുടരും”

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ “തുടരും” മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രങ്ങൾ തിരുത്തിയെഴുതുന്നത് തുടരുകയാണ്. മലയാളത്തിലെ പുതിയ ഇൻഡസ്ടറി ഹിറ്റായ ചിത്രം റിലീസ് ചെയ്ത് 31 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 117 കോടി രൂപയുടെ ഗ്രോസ് ആണ് നേടിയത്. ഇപ്പോഴിതാ റിലീസ് ചെയ്ത 32 ആം ദിനം ചിത്രം മറികടന്നത് 50 കോടി കേരളാ ഷെയർ എന്ന ചരിത്രമാണ്.
കേരളത്തിൽ നിന്ന് ആദ്യമായി 40 കോടി ഷെയർ നേടുന്ന ചിത്രവും “തുടരും” ആണ്. മോഹൻലാൽ തന്നെ നായകനായ എമ്പുരാൻ ആണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 39 കോടിയോളമാണ് എമ്പുരാൻ നേടിയ കേരളാ ഷെയർ. ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന “തുടരും” കേരളത്തിൽ നിന്ന് മാത്രം 120 കോടിയോളം നേടുമെന്നും ഉറപ്പായിക്കഴിഞ്ഞു. 89 കോടി കേരളാ ഗ്രോസ് നേടി ഇൻഡസ്ടറി ഹിറ്റ് ആയിരുന്ന 2018 എന്ന ചിത്രത്തിൽ നിന്നും 30 കോടിയിൽ അധികം മാർജിനിൽ ലീഡ് നേടിയാണ് “തുടരും” ഇൻഡസ്ട്രി ഹിറ്റ് പടം അലങ്കരിക്കുന്നത്.
ആഗോള ഗ്രോസ് 230 കോടി പിന്നിട്ട “തുടരും” ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 265 കോടി ആഗോള ഗ്രോസ് നേടിയ എമ്പുരാൻ, 241 കോടി ആഗോള ഗ്രോസ് നേടിയ മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഈ ലിസ്റ്റിൽ “തുടരും” എന്ന ചിത്രത്തിന് മുന്നിൽ ഉള്ളത്. മലയാളത്തിൽ 2 ചിത്രങ്ങൾ 200 കോടി ക്ലബിലെത്തിച്ച ഒരേയൊരു താരമായും മോഹൻലാൽ മാറി.
നാല് ചിത്രങ്ങൾ നൂറു കോടി ക്ലബിലെത്തിച്ച മോഹൻലാൽ ഇതോടെ മലയാള സിനിമയിലെ 99 ശതമാനം റെക്കോർഡുകളും തന്റെ പേരിലാക്കി. മഞ്ഞുമ്മൽ ബോയ്സ് നേടിയ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് റെക്കോർഡ് ഒഴിച്ച് മലയാളത്തിലെ എല്ലാ റെക്കോർഡുകളും ഇപ്പോൾ മോഹൻലാലിനൊപ്പമാണ്. ആദ്യത്തെ ആഗോള 50 കോടി, ആഗോള നൂറു കോടി, കേരളാ 50 കോടി, കേരളാ നൂറു കോടി, ആഗോള നൂറു കോടി ഷെയർ, കേരളാ 50 കോടി ഷെയർ, ആദ്യത്തെ ആഗോള 250 കോടി, തുടർച്ചയായി നൂറ് കോടി, 200 കോടി ആഗോള ഗ്രോസറുകൾ , വിദേശത്ത് നിന്ന് മാത്രം നൂറ് കോടി ഗ്രോസ് തുടങ്ങി എല്ലാം മോഹൻലാൽ ചിത്രങ്ങളുടെ പേരിലാണ്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിച്ച ചിത്രം കേരളത്തിലും വിദേശത്തും വിതരണം ചെയ്തത് ആശീർവാദ് സിനിമാസ് ആണ്. വിദേശത്തു നിന്ന് മാത്രം ഏകദേശം 94 കോടിയാണ് ചിത്രം നേടിയ ഗ്രോസ്. കെ ആർ സുനിൽ, തരുൺ മൂർത്തി എന്നിവർ ചെന്ന് രചിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.