in

“താഴത്തില്ലടാ”; വീക്കെൻഡിന് ശേഷവും ടിക്കറ്റിനായി നെട്ടോട്ടം ‘തുടരും’; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ…

“താഴത്തില്ലടാ”; വീക്കെൻഡിന് ശേഷവും ടിക്കറ്റിനായി നെട്ടോട്ടം ‘തുടരും’; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ…

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം “തുടരും” ബോക്‌സ് ഓഫീസിൽ ഗംഭീര പ്രകടനം തുടരുകയാണ്. മൂന്നു ദിവസം കൊണ്ട് ആഗോള ഗ്രോസ് 69 കോടിയോളം നേടിയ ചിത്രം, എമ്പുരാൻ(175 കോടി) കഴിഞ്ഞാൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് വീക്കെൻഡ് ഗ്രോസ്സർ ആണ്. 64 കോടിക്ക് മുകളിൽ നേടിയ ആടുജീവിതത്തെ ആണ് “തുടരും” മറികടന്നത്. നാലാം ദിനം പിന്നിടുന്നതോടെ ചിത്രം 80 കോടിയോളം എത്തിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ മൂന്നു ദിനം കൊണ്ട് 20 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം, ഗൾഫ് മേഖലയിൽ നിന്ന് സ്വന്തമാക്കിയത് 27+ കോടിയാണ്. അമേരിക്കയിൽ ₹6 കോടി+, ബ്രിട്ടനിൽ ₹4 കോടി+, ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ചേർന്ന് ₹3 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിപ്പോർട്ട് ചെയ്ത ആദ്യ മൂന്നു ദിനത്തിലെ ഓവർസീസ് ഗ്രോസ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് ചിത്രം നേടിയത് 7 കോടിയിൽ അധികമാണ്.

ഈ പ്രകടനത്തോടെ, “തുടരും” ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ് ആയി മാറി. രേഖാചിത്രം, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളുടെ ആഗോള ഗ്രോസ് മറികടന്നാണ് “തുടരും” കുതിക്കുന്നത്. മോഹൻലാലിന്റെ തന്നെ എമ്പുരാൻ ആണ് ഈ വർഷത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ്. ഇൻഡസ്ട്രി ഹിറ്റയി മാറിയ ചിത്രം ആഗോള ഗ്രോസ്സായി നേടിയത് 265 കോടിയോളമാണ്.

നാലാം ദിനമായ ഇന്നും കേരളത്തിൽ ഏഴു കോടിക്ക് മുകളിൽ ഗ്രോസ് നേടാനുള്ള കുതിപ്പിലാണ് ചിത്രം. വമ്പൻ പ്രീ സെയിൽസ് ആണ് ചത്രത്തിനു വർക്കിംഗ് ഡേകളിലും ലഭിച്ചു കൊണ്ടിരിക്കുന്നത്. ജനത്തിരക്ക് മൂലം ചിത്രത്തിന്റെ സ്ക്രീനുകൾ , ഷോകൾ എന്നിവ വർധിപ്പിച്ചിട്ടും ഉണ്ട്. രജപുത്ര വിഷ്വൽ മീഡിയ നിർമ്മിച്ച ചിത്രത്തിൽ ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. രചന- തരുൺ മൂർത്തി, കെ ആർ സുനിൽ, സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം- ഷാജികുമാർ, എഡിറ്റിംഗ്- ഷഫീക് വി ബി, നിഷാദ് യൂസഫ്.

നാനിയുടെ ‘ഹിറ്റ് 3’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു; റിലീസ് മെയ് 1ന്

അമൽ നീരദ് – മോഹൻലാൽ ചിത്രത്തിൽ ഫഹദ് ഫാസിൽ ഇല്ല, പകരം പുതിയ താരനിര?; ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്