വിജയ് സേതുപതിയും തബുവും ഒന്നിക്കുന്നു; പുരി ജഗനാഥിന്റെ പാൻ ഇന്ത്യൻ ചിത്രം റെഗുലർ ഷൂട്ട് ജൂണിൽ

തമിഴകത്തിൻ്റെ വിജയ് സേതുപതിയും തെലുങ്കു സിനിമയുടെ ഹിറ്റ് മേക്കർ പുരി ജഗന്നാഥും ഒന്നിക്കുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിലേക്ക് ബോളിവുഡ് താരം തബുവും എത്തുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആയിരുന്നു ഈ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പുരി ജഗന്നാഥും ചാർമി കൗറും ചേർന്ന് പുരി കണക്ട്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ സിനിമാ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
പുരി ജഗന്നാഥിൻ്റെ ആകർഷകമായ തിരക്കഥയിൽ ആകൃഷ്ടയായ തബു, ഈ സിനിമയുടെ ഭാഗമാകാൻ വളരെ താല്പര്യത്തോടെ സമ്മതം മൂളുകയായിരുന്നു. വിജയ് സേതുപതിയെ ഇതുവരെ കാണാത്ത ഒരവതാരത്തിൽ ഈ ചിത്രത്തിലൂടെ പുരി ജഗന്നാഥ് അവതരിപ്പിക്കും എന്നുള്ളതാണ് ഈ പ്രോജക്റ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ശക്തമായ കഥാപാത്രങ്ങളിലൂടെയും ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ.
ഈ വർഷം ജൂണിൽ ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരു മൾട്ടി-ലാംഗ്വേജ് റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. രചന, സംവിധാനം – പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ബാനർ- പുരി കണക്ട്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി