സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’യുടെ ഓഡിയോ ലോഞ്ച് നാളെ കൊച്ചിയിൽ; 1 മില്യൺ കാഴ്ചക്കാരെ നേടി തീം സോങ് മുന്നേറുന്നു

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ‘ജെ.എസ്.കെ’ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഓഡിയോ ലോഞ്ച് നാളെ കൊച്ചിയിൽ നടക്കും. ലുലു മാളിൽ വെച്ച് വൈകുന്നേരം 6:30-നാണ് സംഗീത പ്രകാശനം. ചിത്രത്തിന്റെ തീം സോംഗായ “റൈസ് ഫ്രം ഫയർ” യൂട്യൂബിൽ ഇതിനോടകം ഒരു ദശലക്ഷം കാഴ്ചക്കാർ എന്ന നേട്ടം കൈവരിച്ചു. ലിറിക് വീഡിയോ രൂപത്തിൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിന്റെ പ്രമേയത്തെയും, സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രത്തെയും ഓർമ്മിപ്പിക്കുന്ന വരികളും സംഗീതവുമാണ് ഈ ഗാനത്തെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യമാക്കിയത്. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ശ്രദ്ധേയമായിരുന്നു. നിയമ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുമെന്ന പ്രതീക്ഷ ആണ് ടീസർ നല്കിയത്.
‘ചിന്താമണി കൊലക്കേസി’നു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്നതാണ് ‘ജെ.എസ്.കെ’യുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. സുരേഷ് ഗോപിയോടൊപ്പം അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങിവരാണ് മറ്റ് താരങ്ങൾ.
കോസ്മോസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജെ. ഫണീന്ദ്ര കുമാറാണ് ‘ജെ.എസ്.കെ’ നിർമ്മിക്കുന്നത്. രണിത് രണദിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംജിത്ത് മുഹമ്മദാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഗിരീഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിബ്രാൻ പശ്ചാത്തല സംഗീതവും തീം മ്യൂസിക്കും ഒരുക്കിയിരിക്കുന്നു.
അമൃത മോഹനൻ (പ്രൊഡക്ഷൻ കൺട്രോളർ), ജയൻ ക്രയോൺ (കലാസംവിധാനം), പ്രദീപ് രംഗൻ (മേക്കപ്പ്), അജിത് എ ജോർജ്ജ് (മിക്സ്), അരുൺ മനോഹർ (കോസ്റ്റ്യൂം), സിങ്ക് സിനിമ (സൗണ്ട് ഡിസൈൻ), മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ (സംഘട്ടനം), സജിന മാസ്റ്റർ (കോറിയോഗ്രഫി), ജെഫിൻ ബിജോയ് (സ്റ്റിൽസ്), ഐഡൻ്റ് ലാബ്സ് (മീഡിയ ഡിസൈൻ) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ. ജൂൺ 27-ന് തിയേറ്ററുകളിലെത്തുന്ന ‘ജെ.എസ്.കെ’ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം ചെയ്യുന്നത്.