in

“അതിന് കാരണം ലാലിനോടും ആന്റണിയോടുമുള്ള സ്നേഹവും പിന്നെ ദൈവനിയോഗവും”; എമ്പുരാൻ പ്രതിസന്ധിയിൽ രക്ഷകനായ ഗോകുലം ഗോപാലൻ പറയുന്നു…

“അതിന് കാരണം ലാലിനോടും ആന്റണിയോടുമുള്ള സ്നേഹവും പിന്നെ ദൈവനിയോഗവും”; എമ്പുരാൻ പ്രതിസന്ധിയിൽ രക്ഷകനായ ഗോകുലം ഗോപാലൻ പറയുന്നു…

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി അടുക്കുന്തോറും ഹൈപ്പ് വീണ്ടും വീണ്ടും വർദ്ധിക്കുകയാണ്. റിലീസുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകൾക്ക് മുൻപ് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഈ നിർണായക ഘട്ടത്തിലാണ് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ ഗോകുലം ഗോപാലൻ ചിത്രത്തിൻ്റെ രക്ഷകനായി രംഗപ്രവേശം ചെയ്യുന്നത്. തൻ്റെ നയപരവും ക്രിയാത്മകവുമായ ഇടപെടലിലൂടെ മലയാള സിനിമയെ പലപ്പോഴായി സഹായിച്ചിട്ടുള്ള ഗോകുലം ഗോപാലന്റെ ഇടപെടൽ മൂലമാണ് മാർച്ച് 27-ന് തന്നെ ‘എമ്പുരാൻ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളിയായി ഗോകുലം ഗോപാലൻ എത്തിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ചിത്രത്തിൻ്റെ ഭാഗമായതിൻ്റെ സന്തോഷവും അതിനുള്ള കാരണവും നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ വെളിപ്പെടുത്തി. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘എമ്പുരാൻ’ എന്നും പൃഥ്വിരാജ് ഈ ചിത്രം മനോഹരമായാണ് ഒരുക്കിയിരിക്കുന്നതെന്നും ഗോകുലം ഗോപാലൻ പറയുന്നു. സിനിമയുടെ ചില ഭാഗങ്ങൾ കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്. ഇത്രയും മികച്ച ഒരു സിനിമ ഒരു തടസ്സവുമില്ലാതെ, പറഞ്ഞ സമയത്തുതന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ആഗ്രഹം കൊണ്ടും ലാലിനോടും ആൻ്റണിയോടുമുള്ള സ്നേഹം കൊണ്ടുമൊക്കെയാണ് താൻ ഇതിൽ പങ്കാളിയായതെന്നും ഇത് ഏറ്റെടുത്തത് ഒരു ദൈവനിയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കണ്ടെൻ്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം, അദ്ദേഹം പറഞ്ഞു.

അതേസമയം, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രം ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് നേടുന്നത്. ബുക്ക് മൈ ഷോ വഴി ഇന്ത്യയിൽ മാത്രം എട്ട് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. റിലീസിന് നാല് ദിവസം ബാക്കിനിൽക്കെ ആഗോളതലത്തിൽ 35 കോടിയോളം രൂപയാണ് പ്രീ-സെയിൽസിലൂടെ ചിത്രം നേടിയത്. കേരളത്തിൽ നിന്ന് 10 കോടിയോളം രൂപയും വിദേശത്ത് നിന്ന് 20 കോടിയിലധികം രൂപയും പ്രീ-സെയിൽസ് വഴി നേടി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയൊട്ടാകെ ചിത്രം ചർച്ചാവിഷയമായിരിക്കുകയാണ്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുരളി ഗോപി രചിച്ച ഈ ചിത്രം ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ,സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസർ – വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ – നിർമൽ സഹദേവ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ബസൂക്ക ട്രെയിലർ വരുന്നു; എമ്പുരാൻ തരംഗത്തിലും നിറഞ്ഞാടാൻ മെഗാസ്റ്റാർ മമ്മൂട്ടി…

ഫൺ മോഡിൽ പാക്കപ്പ് പറഞ്ഞ് നിവിനും നായൻതാരയും കൂട്ടരും; ‘ഡിയർ സ്റ്റുഡൻ്റ്സ്’ ചിത്രീകരണം പൂർത്തിയായി…