ലളിതമായ ജീവിതം, ശാശ്വതമായ ബന്ധങ്ങൾ, തുടരുന്ന യാത്ര; സോഷ്യൽ മീഡിയ കീഴടക്കി മോഹൻലാലിൻറെ ‘തുടരും‘ പോസ്റ്റർ
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന “തുടരും ” എന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. 2025 ജനുവരി മുപ്പതിനാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്.”ലളിതമായ ജീവിതം, ശാശ്വതമായ ബന്ധങ്ങൾ, തുടരുന്ന യാത്ര” എന്ന കുറിപ്പോടെ മോഹൻലാൽ തന്നെയാണ് ഈ പുതിയ പോസ്റ്റർ പങ്ക് വെച്ചത്.
പുറത്ത് വന്ന നിമിഷം മുതൽ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ് ഈ പോസ്റ്റർ എന്ന് പറയാം. സാധാരണക്കാരനായ മലയാളിയായി മോഹൻലാൽ ഒരിക്കൽ കൂടി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്ററും ആ ലാളിത്യവും മലയാളിത്തവും കാത്ത് സൂക്ഷിക്കുന്നുണ്ട്. ടാക്സി സ്റ്റാൻഡിൽ കൂട്ടുകാർക്കൊപ്പം പത്രം വായിച്ചു നിൽക്കുന്ന മോഹൻലാൽ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് ഫാമിലി ഡ്രാമ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
ഒരിടവേളക്ക് ശേഷം ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് എന്നിവരും വേഷമിടുന്നു. ആശീർവാദ് റിലീസ് ആയിരിക്കും ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുക. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഷാജി കുമാർ, എഡിറ്റിംഗ് നിർവഹിച്ചത് നിഷാദ് യൂസഫ്, ഷെഫീഖ് വി ബി എന്നിവരാണ്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തന്നത്.
Simple lives, lasting bonds, and a journey that goes on. #Thudarum @Rejaputhra_VM @talk2tharun #Shobana #MRenjith #KRSunil #ShajiKumar @JxBe #L360 pic.twitter.com/zfZg3629gj
— Mohanlal (@Mohanlal) December 17, 2024