മലൈക്കോട്ടൈ വാലിബന് ശേഷം മോഹൻലാൽ – ഷിബു ബേബി ജോൺ ടീം വീണ്ടും?

പ്രേക്ഷകർ ഒരുപാട് ആഗ്രഹിച്ച മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീമിനെ ഒന്നിപ്പിച്ച നിർമ്മാതാവ് ആണ് ഷിബു ബേബി ജോൺ. ഇപ്പോളിതാ മോഹൻലാലിന് ഒപ്പം പ്രേക്ഷകർ ആഗ്രഹിക്കുന്ന മറ്റൊരു സംവിധായകനെ കൂടി ഒന്നിപ്പിക്കാൻ ഒരുങ്ങുകയാണ് ഷിബു ബേബി എന്ന റിപ്പോർട്ട് വരികയാണ്. അത്തരത്തിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് മോഹൻലാലും അമൽ നീരദും ചേർന്നുള്ളത്. ഇവരെ വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഷിബു ബേബി ജോൺ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിന്റെ അണിയറ ജോലികൾ പുരോഗമിക്കുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- അമൽ നീരദ് ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും സൂചനയുണ്ട്.
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന് ശേഷം നിർമ്മാതാവ് ഷിബു ബേബി ജോൺ ഈ അമൽ നീരദ് ചിത്രത്തിലൂടെ വീണ്ടും മോഹൻലാലിനൊപ്പം കൈകോർക്കുകയാണെന്ന വാർത്തകളാണ് വരുന്നത്. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഷിബു ബേബി ജോൺ ഒറ്റക്കല്ല ചിത്രം നിർമ്മിക്കുന്നതെന്നും അദ്ദേഹത്തോടൊപ്പം ആശീർവാദ് സിനിമാസ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്നിവരും നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട് എന്നുമാണ് സൂചന.
ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രം രചിച്ച വിൻസെന്റ് വടക്കൻ ആണ് ഈ ചിത്രം രചിക്കുന്നതെന്നാണ് റിപ്പോർട്ട്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുക ലിറ്റിൽ സ്വയമ്പ് ആയിരിക്കും. നേരത്തെ ഫഹദ് ഫാസിൽ ഈ ചിത്രത്തിന്റെ ഭാഗമായി എത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം ഫഹദ് ചിത്രത്തിൽ നിന്ന് പിന്മാറി എന്നാണ് വാർത്ത.
ഫഹദിന് പകരം മറ്റൊരു യുവതാരം ചിത്രത്തിൽ വേഷമിടും. ഇവരെ കൂടാതെ സൗബിൻ ഷാഹിറും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ടീം ഒന്നിച്ച ബൊഗൈൻവില്ല ആയിരുന്നു അമൽ നീരദിന്റെ ഏറ്റവും അവസാനം പുറത്ത് വന്ന ചിത്രം.