“നിർവ്യാജം ക്ഷമ ചോദിക്കുന്നു, ആ സംഭാഷണശകലം ഒരു കൈപിഴയാണ്, പൊറുക്കണം”: ‘കടുവ’ സംവിധായകൻ ഷാജി കൈലാസ്
ജൂലൈ 7ന് ആണ് ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് എന്റർടൈനർ ‘കടുവ’ തീയേറ്ററുകളിൽ എത്തിയത്. പൃഥ്വിരാജ്, വിവേക് ഒബ്‌റോയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രീതി നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയും ചെയ്യുകയും ആണ്. എന്നാൽ ചിത്രത്തിന് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. അതിനോട് പ്രതികരിച്ചിരിക്കുക ആണ് സംവിധായകൻ ഷാജി കൈലാസും ടീമും.
ചിത്രത്തിലെ ഒരു സീനിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരമാർശം വന്നതായി ചൂണ്ടിക്കാട്ടിയാണ് കടുവയ്ക്ക് വിമർശനം നേരിടേണ്ടി വന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം വിവേക് ഒബ്‌റോയുടെ കഥാപാത്രത്തിനോട് പറയുന്ന ഒരു സംഭാഷണം ആണ് വിമർശനത്തിന് കാരണമായി മാറിയത്. അത്തരത്തിൽ ഒരു പരാമർശം വന്നതിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നു എന്നും ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ് എന്നും ഷാജി കൈലാസ് പ്രതികരിച്ചു. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത് എന്നും ഷാജി കൈലാസ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് ഷാജി കൈലാസിന്റെ പ്രതികരണം.
ഫേസ്ബുക്കിൽ ഷാജി കൈലാസിന്റെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജും ക്ഷമാപണം നടത്തി. ‘ക്ഷമിക്കണം. അത് തെറ്റ് ആയിരുന്നു, അത് മനസിലാക്കുന്നു, അംഗീകരിക്കുന്നു’ എന്ന് ആണ് പൃഥ്വിരാജ് കുറിച്ചത്. നമ്മൾ ചെയ്യുന്നതിന്റെ ഭലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുന്നത് എന്ന രീതിയിലുള്ള ഒരു ഡയലോഗ് ആയിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രം വിവേക് ഒബ്‌റോയോട് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ വിവേക് ഒബ്റോയുടെ മകൻ ഒരു ഭിന്നശേഷിയുള്ള കുട്ടിയാണ്. ചിത്രം വിമർശനം നേരിടേണ്ടി വന്നത് ഈ സംഭാഷണം കാരണമായിരുന്നു.