അതേ, നിവിൻ പോളി ഈസ് ബാക്ക്! മനസ്സ് നിറച്ച് ‘സർവ്വം മായ’; റിവ്യൂ വായിക്കാം

പ്രേക്ഷകർ കാണാൻ കൊതിച്ച ആ പഴയ നിവിൻ പോളിയെ തിരികെ നൽകുന്ന ചിത്രമാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയ ‘സർവ്വം മായ’. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം അഖിൽ സത്യൻ ആണ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജയ് കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്ന് ഫയർ ഫ്ലൈ ഫിലിംസ് ബാനറിലാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും നൽകിയ ആ ഫീൽ ഗുഡ് കോമഡി വൈബ് ചിത്രം പൂർണമായും കാത്തുസൂക്ഷിക്കുന്നുണ്ട്.
ആ പ്രതീക്ഷകളോടെ തിയേറ്ററുകളിലേക്ക് എത്തിയ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, അവരെ ഏറെ രസിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. പ്രേക്ഷകരുടെ തിരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഒരുപിടി ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി എന്ന നടന്റെയും താരത്തിന്റെയും മികച്ച തിരിച്ചുവരവായിട്ട് നമുക്ക് ഈ ചിത്രത്തെ കാണാം. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന ആ വിന്റേജ് നിവിനെ ഇതിലൂടെ അഖിൽ സത്യൻ നമുക്ക് മുന്നിൽ എത്തിക്കുന്നുണ്ട്.
നിവിൻ അവതരിപ്പിക്കുന്ന പ്രഭേന്ദു നമ്പൂതിരിയുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ദൈവവിശ്വാസമില്ലാത്ത, പരമ്പരാഗതമായി കുടുംബത്തിലെ അംഗങ്ങൾ ചെയ്തുപോരുന്ന പൂജാകർമ്മങ്ങളിൽ താൽപര്യമില്ലാത്ത ഗിറ്റാർ വിദഗ്ധനാണ് പ്രഭേന്ദു. ഒരു പ്രത്യേക സാഹചര്യത്തിൽ, സ്വന്തം അമ്മായിയുടെ മകനായ രൂപേഷിനൊപ്പം പൂജാചടങ്ങുകളിൽ പരികർമ്മിയായി അദ്ദേഹത്തിന് പോകേണ്ടി വരുന്നു. തുടർന്ന് നടക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചെറുതെങ്കിലും വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു കഥയെ രസകരമായി അവതരിപ്പിക്കാൻ അഖിൽ സത്യൻ എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. ആദ്യാവസാനം നിറയെ തമാശകളും, പ്രേക്ഷകനെ ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ ചിത്രം. കഥാസന്ദർഭങ്ങൾ രസകരമായി ഒരുക്കുന്നതിലും അവയ്ക്കൊപ്പം തന്നെ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ നൽകുന്നതിലും രചയിതാവ് എന്ന നിലയിൽ അഖിൽ സത്യൻ വിജയിച്ചു. അതിന് മനോഹരമായ ദൃശ്യഭാഷ നൽകാൻ സംവിധായകനെന്ന നിലയിലും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കോമഡി, വൈകാരിക രംഗങ്ങൾ, ഫീൽ ഗുഡ് വൈബ് എന്നിവക്കൊപ്പം ഹൊറർ കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഫാന്റസി ഘടകവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
പ്രേക്ഷകരെ പേടിപ്പിക്കാതെ, ചിരിപ്പിക്കാൻ ശ്രമിക്കുന്ന ചിത്രം ഹൊറർ കോമഡി വിഭാഗത്തിൽ തന്നെ ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ വൈബ് നല്കിയാണ് അഖിൽ ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകന് ചിരി പകരുന്ന, ഹൃദയം നിറക്കുന്ന സന്തോഷം നൽകുന്ന, ഒപ്പം മനസ്സിനെ തൊടുന്ന വൈകാരിക നിമിഷങ്ങളുമുള്ള ഒരു പക്കാ വെക്കേഷൻ പാക്കേജ് തന്നെയാണ് ഈ ചിത്രം. നിവിൻ പോളിയുടെ കോമഡി ചെയ്യാനുള്ള കഴിവിനെ വളരെ മനോഹരമായി തന്നെ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. അജു വർഗീസിന് ലഭിച്ചതും വളരെ വ്യത്യസ്തമായ കഥാപാത്രമാണ്. ഇവരുടെ കോമ്പിനേഷൻ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
നിവിൻ പോളി വളരെ അനായാസമായി തന്നെ പ്രഭേന്ദു എന്ന തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയപ്പോൾ അജു വർഗീസും തന്റെ പ്രകടനത്തിലൂടെ കയ്യടി നേടി. നായികയായ റിയ ഷിബുവും മോശമാക്കിയില്ല. നിവിനും റിയയും മത്സരിച്ചു തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ, സ്ക്രീനിൽ ചിരിയും സന്തോഷവും നിറഞ്ഞുനിന്നു. ഇവരുടെ കോമ്പിനേഷൻ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ രസിപ്പിക്കുന്നുണ്ട്. ‘വല്യച്ഛൻ’ ആയി അഭിനയിച്ച ജനാർദ്ദനൻ വീണ്ടും അനായാസമായി തന്റെ കഥാപാത്രമായി മാറിയപ്പോൾ പ്രീതി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധ നേടി. അരുൺ അജികുമാർ, രഘുനാഥ് പാലേരി, മധു വാര്യർ, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, വിനീത്, വിജീഷ്, വിജിലേഷ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
ശരൺ വേലായുധൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചുനിന്നപ്പോൾ, അഖിൽ സത്യൻ തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് സ്വാഭാവികമായ ഒഴുക്ക് നൽകുന്നതിൽ വിജയിച്ചു. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ടുവന്നതിൽ എഡിറ്റിംഗ് മികവ് നിർണ്ണായകമായിട്ടുണ്ട്. ജസ്റ്റിൻ പ്രഭാകരൻ ഈണം നൽകിയ മനോഹര ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ്. പ്രേക്ഷകരെ ചിത്രവുമായി കൂടുതൽ ചേർത്തുനിർത്താൻ സംഗീതം സഹായിച്ചിട്ടുണ്ട്.
എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ് സർവ്വം മായ. ഈ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ചലച്ചിത്രാനുഭവമായിരിക്കും സമ്മാനിക്കുക. ഈ അവധികാലത്ത് കുടുംബവുമൊത്ത് കണ്ടാസ്വദിക്കാവുന്ന ഒരു രസികൻ സിനിമയാണ് ഇതെന്ന് നമുക്ക് അടിവരയിട്ടു പറയാം.


