നിവിൻ പോളിയുടെ ‘സർവ്വം മായ’യ്ക്ക് ഗംഭീര ഓപ്പണിംഗ്; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്…

നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവിനാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. നിവിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘സർവം മായ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. ഹൊറർ-കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം റിലീസ് ദിവസം തന്നെ ആഗോളതലത്തിൽ 8.1 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. നിവിൻ പോളിയുടെ താരമൂല്യത്തിന് അടിവരയിടുന്ന പ്രകടനമാണ് ആദ്യ ദിനം തന്നെ ചിത്രം കാഴ്ചവെച്ചത്.
ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലും വിദേശ വിപണിയിലും ഒരുപോലെ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 3.50 കോടി രൂപയാണ് ചിത്രം നേടിയത്. നിവിൻ പോളിക്ക് എക്കാലത്തും വലിയ സ്വീകാര്യത ലഭിക്കാറുള്ള ഗൾഫ് മേഖലയിൽ (GCC) 3.05 കോടി രൂപയും ചിത്രം സ്വന്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 40 ലക്ഷം രൂപയും ചിത്രം നേടിയിട്ടുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന വിജയചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന സിനിമയെന്നതും, നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന് വലിയൊരു ഓപ്പണിംഗ് ലഭിക്കാൻ കാരണമായി.
പ്രേക്ഷകർ ഏറെക്കാലമായി കാണാൻ ആഗ്രഹിച്ച, തട്ടത്തിൻ മറയത്ത്, പ്രേമം കാലഘട്ടത്തിലെ ഊർജ്ജസ്വലനായ നിവിൻ പോളിയെ ഈ ചിത്രത്തിൽ കാണാനുണ്ടെന്നതാണ് പ്രധാന സവിശേഷത. ദൈവവിശ്വാസമില്ലാത്ത, പൂജകർമ്മങ്ങളിൽ ഒട്ടും താൽപ്പര്യമില്ലാത്ത ‘പ്രഭേന്ദു നമ്പൂതിരി’ എന്ന ഗിറ്റാർ വിദഗ്ധനായാണ് നിവിൻ എത്തുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മായിയുടെ മകനായ രൂപേഷിനൊപ്പം (അജു വർഗീസ്) പൂജകൾക്ക് പരികർമ്മിയായി പോകേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ് കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. റിയ ഷിബു നായികയാകുന്ന ചിത്രത്തിൽ ജനാർദ്ദനൻ, വിനീത്, അൽഫോൻസ് പുത്രൻ, അൽത്താഫ് സലിം തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ജസ്റ്റിൻ പ്രഭാകരന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. സംവിധായകനായ അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.

