50 കോടി ക്ലബിൽ സർവ്വം മായ; മമ്മൂട്ടി ചിത്രങ്ങളെ മറികടന്ന് നിവിൻ പോളി

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ ഫീൽ ഗുഡ് ഫാമിലി ഫാന്റസി ത്രില്ലർ ചിത്രം സർവ്വം മായ 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് 5 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച ചിത്രങ്ങളിൽ ആറാമതാണ് ചിത്രം. മോഹൻലാൽ നായകനായ എമ്പുരാൻ(പ്രീ സെയിൽസ്), തുടരും (3 ദിവസം), ലൂസിഫർ (4 ദിവസം), പൃഥ്വിരാജ് നായകനായ ആട് ജീവിതം (4 ദിവസം), കല്യാണി പ്രിയദർശന്റെ ലോക (4 ദിവസം) എന്നിവയാണ് ഈ ലിസ്റ്റിൽ സർവ്വം മായക്ക് മുന്നിലുള്ള ചിത്രങ്ങൾ.
ഏറ്റവും ഉയർന്ന ആഗോള വീക്കെൻഡ് ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മമ്മൂട്ടി നായകനായ, ഭീഷ്മപർവം (44.6 കോടി), ടർബോ ( 44.55 കോടി) കളംകാവൽ (44.15 കോടി) എന്നിവയെ ആണ് സർവ്വം മായ മറികടന്നത്. ആദ്യ വീക്കെൻഡിൽ 45 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള കളക്ഷൻ. മോഹൻലാൽ നായകനായ എമ്പുരാൻ (175.60cr ), തുടരും (69.25cr 3 ദിവസം), ലോക (66.30cr ), ആടുജീവിതം (64.14cr ), ലൂസിഫർ (55.60 Cr ) എന്നിവയാനി ഈ ലിസ്റ്റിൽ സർവ്വം മായക്ക് മുന്നിലുള്ള മലയാള ചിത്രങ്ങൾ.
ആദ്യ കണക്കുകൾ പ്രകാരം, ആദ്യ അഞ്ചു ദിവസം കൊണ്ട് ചിത്രം നേടിയ കേരളാ ഗ്രോസ് ഏകദേശം 23 കോടിയോളമാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും മൂന്നര കോടിയോളം സ്വന്തമാക്കിയ ചിത്രം വിദേശത്തു നിന്നും നേടിയത് 25 കോടിക്ക് മുകളിലാണ്. നോർത്ത് അമേരിക്കയിൽ മമ്മൂട്ടി ചിത്രം കളംകാവൽ നേടിയ ഫൈനൽ ഗ്രോസ് ഈ നിവിൻ ചിത്രം മറികടന്നത് വെറും നാല് ദിവസങ്ങൾ കൊണ്ടാണ്. പ്രേമം, കായംകുളം കൊച്ചുണ്ണി എന്നിവക്ക് ശേഷം അമ്പത് കോടി ക്ലബിലെത്തുന്ന നിവിൻ പോളി ചിത്രമായ സർവ്വം മായ, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ കേരളാ/ആഗോള വീക്കെൻഡ് ഗ്രോസർ കൂടിയാണ്.
ചിരിയും ഫാന്റസിയും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രത്തിൽ നായികാ വേഷം ചെയ്തത് നവാഗതയായ റിയ ഷിബുവാണ്. അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ് പാലേരി, മധു വാര്യർ, പ്രീതി മുകുന്ദൻ, വിനീത്, മേതിൽ ദേവിക, വിജീഷ്, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം നിവിന്റെ കരിയറിലെ ആദ്യ 100 കോടി ഗ്രോസ്സർ ആവാനുള്ള കുതിപ്പിലാണ്.
