തിരിച്ചുവരവ് രാജകീയം; നിവിൻ പോളിയുടെ സർവ്വം മായ 100 കോടി ക്ലബിൽ

നിവിൻ പോളി നായകനായ സർവം മായ നൂറു കോടി ക്ലബിൽ. റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി നൂറു കോടി നേടിയത്. ഈ നേട്ടം കൈവരിക്കുന്ന നിവിൻ പോളിയുടെ ആദ്യ ചിത്രം കൂടിയാണ് സർവം മായ. ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിലെത്തുന്ന മലയാള ചിത്രങ്ങളിൽ അഞ്ചാമതാണ് ചിത്രം. മോഹൻലാൽ നായകനായ എമ്പുരാൻ – 2 ദിവസം, തുടരും – 6 ദിവസം, കല്യാണി പ്രിയദർശൻ നായികയായ ലോക – 7 ദിവസം, പൃഥ്വിരാജ് നായകനായ ആട് ജീവിതം – 9 ദിവസം എന്നിവയാണ് ഈ ലിസ്റ്റിൽ ആദ്യ നാല് ചിത്രങ്ങൾ.
മലയാളത്തിൽ നിന്ന് നൂറു കോടി ക്ലബിലെത്തുന്ന പതിമൂന്നാമത്തെ ചിത്രം കൂടിയാണ് സർവം മായ. പുലിമുരുകൻ, ലൂസിഫർ, 2018 , പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആട് ജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം, മാർക്കോ, എമ്പുരാൻ, തുടരും, ലോക എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു ചിത്രങ്ങൾ. നാല് ചിത്രങ്ങളുമായി മോഹൻലാൽ മുന്നിലുള്ള നൂറു കോടി ക്ലബിൽ ഓരോ ചിത്രങ്ങളുമായി പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടോവിനോ. നസ്ലെൻ, കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം നിവിൻ പോളിയും ഇടം പിടിച്ചു.
അഖിൽ സത്യൻ രചിച്ചു സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം അമ്പതു കോടി എന്ന നേട്ടത്തിലേക്ക് കൂടി കുതിക്കുകയാണ്. അതും നിവിന്റെ കരിയറിലെ ആദ്യത്തെ നേട്ടമാണ്. അജയ് കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്ന് ഫയർ ഫ്‌ളൈസ് എന്ന ബാനറിൽ നിർമിച്ച ചിത്രം ഒരു ഹൊറർ ഫാന്റസി കോമഡി ആയാണ് ഒരുക്കിയത്.
റിയ ഷിബു, പ്രീതി മുകുന്ദൻ, അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ് പാലേരി, മധു വാര്യർ, വിനീത്, മേതിൽ ദേവിക, വിജീഷ്, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ശരൺ വേലായുധനും, എഡിറ്റിംഗ് നിർവഹിച്ചത് സംവിധായകൻ അഖിൽ സത്യനുമാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവം മായ.

