in

രംഗണ്ണൻ വീണ്ടും വരും, ഒപ്പം അമ്പാനും; ആവേശം 2 ഉറപ്പിച്ച് സജിൻ ഗോപു

രംഗണ്ണൻ വീണ്ടും വരും, ഒപ്പം അമ്പാനും; ആവേശം 2 ഉറപ്പിച്ച് സജിൻ ഗോപു

ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെയും അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റിൻ്റെയും കീഴിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിച്ച ആവേശം, കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ നടൻ സജിൻ ഗോപുവും നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. ഓൾ ഇന്ത്യ ലെവലിലാണ് ചിത്രവും അതിലെ കഥാപാത്രങ്ങളും ട്രെൻഡ് ആയി മാറിയത്.

ഇപ്പോഴിതാ, ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സജിൻ ഗോപു. തന്റെ ഏറ്റവും പുതിയ റിലീസ് ആയ ബേസിൽ ജോസഫ് ചിത്രം പൊന്മാന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെയാണ് ആവേശം 2 ഉണ്ടാകുമെന്ന് സജിൻ വെളിപ്പടുത്തിയത്. അതെന്നു സംഭവിക്കുമെന്നുള്ള വിവരങ്ങൾ തനിക്ക് അറിയില്ലെന്നും, എന്നാൽ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സജിൻ പറയുന്നു.

ആവേശം ഒരുക്കിയ ജിത്തു മാധവൻ തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായ ചിത്രം ഈ വർഷം പകുതിയോടെ ആരംഭിക്കും. അതിന് ശേഷം ആയിരിക്കും ആവേശം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകൾ നടക്കുക. ബാംഗ്ലൂർ പശ്‌ചാത്തലമാക്കി ഒരുക്കിയ ആവേശം ഒരു കോമഡി- ആക്ഷൻ – ഗ്യാങ്സ്റ്റർ ഡ്രാമയായിരുന്നു.

ഇത് കൂടാതെ ജിത്തു മാധവന്റെ രചനയിൽ ശ്രീജിത് ബാബു ഒരുക്കിയ ‘പൈങ്കിളി’ എന്ന ചിത്രത്തിലും സജിൻ ഗോപു വേഷമിടുന്നുണ്ട്. സജിൻ നായകനായി എത്തുന്ന ഈ ചിത്രം ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യും. അനശ്വര രാജൻ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കയ്യടി നേടിയ ‘ഉണ്ട’ക്ക്‌ ശേഷം മമ്മൂട്ടി – ഖാലിദ് റഹ്മാൻ ടീം വീണ്ടും?

നേർക്കുന്നർ പോരാടാൻ ബേസിലും സജിൻ ഗോപുവും; ത്രില്ലും ആക്ഷനും നിറച്ച് ‘പൊന്മാൻ’ ട്രെയിലർ