“തീവ്രജ്വാലയിൽ നിന്നൊരു ഉയർത്തെഴുന്നേൽപ്പ്”; സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ’യിലെ തീം സോങ്ങ് പുറത്ത്…

സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’ (ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള) റിലീസിനൊരുങ്ങുകയാണ്. അതിനു മുന്നോടിയായി ചിത്രത്തിലെ തീം സോങ്ങ് ഇന്ന് പുറത്തിറങ്ങി. ‘റൈസ് ഫ്രം ഫയർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ലിറിക് വീഡിയോ ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഹരിത ഹരിബാബുവിന്റെ വരികൾക്ക് ‘രാക്ഷസൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബ്രാൻ ഈണം പകർന്നിരിക്കുന്നു. ശരത് സന്തോഷാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തീവ്രമായ വരികളും പ്രചോദനം നൽകുന്ന ഈണവുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.
‘ചിന്താമണി കൊലക്കേസ്’ എന്ന വിജയ ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീൽ കുപ്പായമണിയുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെ.എസ്.കെ’യ്ക്കുണ്ട്. ഒരു കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജൂൺ 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ജെ. ഫണീന്ദ്ര കുമാറാണ് ‘ജെ.എസ്.കെ’ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. സേതുരാമൻ നായർ കങ്കോൽ സഹനിർമ്മാതാവായും സജിത്ത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായും പ്രവർത്തിക്കുന്നു. ഛായാഗ്രഹണം രണദിവ നിർവഹിച്ചിരിക്കുന്നു. സംജിത്ത് മുഹമ്മദാണ് എഡിറ്റിംഗ്. പശ്ചാത്തല സംഗീതം ജിബ്രാനും സംഗീതം ഗിരീഷ് നാരായണനും ഒരുക്കിയിരിക്കുന്നു.