ഗ്രാമീണ സെറ്റപ്പിൽ രാം ചാരണിൻ്റെ ബിഗ് ക്യാൻവാസ് പടം; റിലീസ് തീയതി അറിയിച്ച് ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്…

തെലുങ്ക് സൂപ്പർതാരം രാം ചരൺ തൻ്റെ കരിയറിലെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രവുമായി എത്തുന്നു. ‘പെദ്ധി’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൻ്റെ റിലീസ് തീയതി വെളിപ്പെടുത്തി ഫസ്റ്റ് ഷോട്ട് വീഡിയോ റിലീസായി. 2026 മാർച്ച് 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘പെദ്ധി’ എത്തും. ശ്രീരാമ നവമി ദിനത്തിൽ പുറത്തിറങ്ങിയ ഫസ്റ്റ് ഷോട്ട് വീഡിയോ സിനിമാ പ്രേമികളുടെ ചർച്ചകളിൽ നിറയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ആർപ്പുവിളികളുടെയും ആരവങ്ങളുടെയും പശ്ചാത്തലത്തിൽ അസാമാന്യമായ ആത്മവിശ്വാസത്തോടെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് രാം ചരൺ കടന്നുവരുന്നതാണ് ഫസ്റ്റ് ഷോട്ട് വീഡിയോയുടെ പ്രധാന ആകർഷണം. വിശാലമായ പാടവരമ്പുകളിലൂടെയുള്ള ഓട്ടവും ചാട്ടവും ഒടുവിൽ ക്രിക്കറ്റ് മൈതാനത്തേക്കുള്ള കാലെടുത്തുവയ്ക്കലുമെല്ലാം ‘പെദ്ധി’യുടെ കരുത്തുറ്റ രംഗങ്ങൾക്ക് സാക്ഷ്യം നൽകുന്നു. ക്രീസിൽ നിന്ന് മുന്നോട്ട് കയറി ബാറ്റിന്റെ പിടി നിലത്തടിച്ച് പന്ത് അതിർത്തി കടത്തുന്ന രാം ചരണിൻ്റെ മാസ്സ് രംഗങ്ങൾ ആരാധകർക്ക് പുത്തൻ ഊർജ്ജം നൽകുന്നതാണ്.
‘ഉപ്പെന്ന’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബുചി ബാബു സനയാണ് ‘പെദ്ധി’യുടെ സംവിധാനം നിർവഹിക്കുന്നത്. രാം ചരണിനൊപ്പം ബോളിവുഡ് താരം ജാൻവി കപൂർ നായികയായി എത്തുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നാണ് ‘പെദ്ധി’ അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നത് സിനിമയുടെ ആകാംഷ വർദ്ധിപ്പിക്കുന്നു.
‘പെദ്ധി’ എന്ന പേര് രാം ചരണിൻ്റെ കഥാപാത്രത്തിൻ്റെ കരുത്തും തീവ്രതയും എടുത്തു കാണിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പരുക്കൻ വസ്ത്രധാരണവും സിഗരറ്റ് വലിക്കുന്നതുമായ അദ്ദേഹത്തിൻ്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയ്ക്കായി രാം ചരൺ നടത്തിയ ശാരീരിക മാറ്റങ്ങളും അദ്ദേഹം ഉപയോഗിക്കുന്ന തനത് ശൈലിയുള്ള സംഭാഷണങ്ങളും പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുന്നു. വലിയ ക്യാൻവാസിലാണ് സംവിധായകൻ ബുചി ബാബു സന ഈ ചിത്രം ഒരുക്കുന്നത്. രാം ചരണിനും ശിവരാജ് കുമാറിനും പുറമെ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി