പുലിമുരുകൻ വലിയ ലാഭം തന്നെ; തെറ്റായ വാർത്തകൾക്കെതിരെ പ്രതികരിച്ച് ടോമിച്ചൻ മുളകുപാടം

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ പുലിമുരുകൻ. 2016 ൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ്. 140 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ.
എന്നാൽ നിർമ്മാതാവ് ബുദ്ധിമുട്ടിൽ ആണെന്നും ചിത്രത്തിന് വേണ്ടി എടുത്ത ലോൺ ഇപ്പോഴും അദ്ദേഹത്തിന് അടച്ചു തീർക്കാൻ കഴിഞ്ഞിട്ടില്ല എന്നുമുള്ള വെളിപ്പെടുത്തലുമായി കേരളാ ഫിനാൻഷ്യൽ കോർപറേഷൻ മുൻ മേധാവി ടോമിൻ തച്ചങ്കിരി രംഗത്ത് വന്നിരുന്നു. തുടർന്ന് ചിത്രം നഷ്ടം ആണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ഉണ്ടായി. ഇപ്പോഴിതാ അതിനെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ടോമിച്ചൻ മുളകുപാടം.
പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും തനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലിമുരുകൻ എന്ന നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി. 2 കോടി രൂപയുടെ ലോൺ എടുത്തത് പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം അറിയിച്ചു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം തനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ തനിക്ക് സാധിച്ചതിലും പുലിമുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ തന്നെ 100 കോടി രൂപയ്ക്ക് മുകളില്‍ ബിസിനസ് നടത്തിയ സിനിമയാണിതെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു എന്നും മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് പ്രേക്ഷകർക്ക് മുന്നിലെത്തും എന്നും ടോമിച്ചൻ അറിയിച്ചു.
ടോമിച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്:
