in

നജീബിന് അഞ്ച് ഭാഷകളിലും ഒരേ ശബ്ദം; ‘ആടുജീവിതം’ ഡബ്ബിംഗ് പൂർത്തിയാക്കി പൃഥ്വിരാജ്…

നജീബിന് അഞ്ച് ഭാഷകളിലും ഒരേ ശബ്ദം; ‘ആടുജീവിതം’ ഡബ്ബിംഗ് പൂർത്തിയാക്കി പൃഥ്വിരാജ്…

മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ആടുജീവിതം ഈ വരുന്ന മാർച്ച് 28 നു ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ബെന്യാമിൻ രചിച്ച പ്രശസ്തമായ നോവൽ ആസ്പദമാക്കി ബ്ലെസി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ഈ അടുത്തിടെയാണ് ആട് ജീവിതത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും ഡബ്ബിങ് പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇതിന്റെ മലയാളം വേർഷൻ ലൈവ് സൗണ്ടിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാളം കൂടാതെയുള്ള, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ വേർഷനുകളാണ് പൃഥ്വിരാജ് തന്നെ ഡബ്ബ് ചെയ്തിരിക്കുന്നത്.

നേരത്തെ സലാർ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകളിലും പൃഥ്വിരാജ് തന്നെയാണ് തന്റെ കഥാപാത്രത്തിനായി ശബ്ദം നൽകിയത്. ഈ ചിത്രത്തിലെ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചത്. അമല പോൾ, റിക് അബി, താലിബ് മുഹമ്മദ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുനിൽ കെ എസ്, സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്.

ജോർദാനിൽ വെച്ചായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ആട് ജീവിതത്തിലൂടെ പൃഥ്വിരാജ് സുകുമാരന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും കാണാൻ പോകുന്നതെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികളും ആരാധകരും.

Content Summary: Prithviraj completes Aadujeevitham dubbing in five languages

‘2018’ കീഴടങ്ങി, ആഗോള കളക്ഷനിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി ഒന്നാം സ്ഥാനത്ത്; കളക്ഷൻ റിപ്പോർട്ട്…

മൂന്നാം വരവിന് ഷാജി പാപ്പനും കൂട്ടരും തയ്യാറായി; ‘ആട് 3’ ഔദ്യോഗിക പ്രഖ്യാപനമെത്തി….