in

‘പ്രേമ’ത്തിന്റെ മാജിക് ആവർത്തിക്കുമോ? ട്രെയിലർ ഇല്ലാതെ നിവിൻ പോളിയുടെ ‘സർവ്വം മായ’ നാളെ തിയേറ്ററുകളിൽ

‘പ്രേമ’ത്തിന്റെ മാജിക് ആവർത്തിക്കുമോ? ട്രെയിലർ ഇല്ലാതെ നിവിൻ പോളിയുടെ ‘സർവ്വം മായ’ നാളെ തിയേറ്ററുകളിൽ

നിവിൻ പോളിയെയും അജു വർഗീസിനെയും പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘സർവ്വം മായ’ നാളെ (ഡിസംബർ 25) ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിലെത്തും. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ ഡോ. അജയകുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വ്യത്യസ്തമായൊരു തീരുമാനവുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത് – സിനിമയ്ക്ക് ട്രെയിലർ ഉണ്ടാവില്ല. സിനിമ കാത്തുവെക്കുന്ന സസ്‌പെൻസ് തിയേറ്ററിൽ തന്നെ പ്രേക്ഷകർ അനുഭവിച്ചറിയണമെന്ന നിർബന്ധമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംവിധായകൻ അഖിൽ സത്യൻ പറഞ്ഞു.

‘പ്രേമ’ത്തിന്റെ വഴിയിൽ ‘സർവ്വം മായ’

ട്രെയിലർ ഇല്ലാത്ത റിലീസ് എന്ന പരീക്ഷണം നിവിൻ പോളിയുടെ കരിയറിൽ ഇത് ആദ്യമല്ല. 2015-ൽ മലയാള സിനിമയെ മാറ്റിമറിച്ച ‘പ്രേമം’ എന്ന ചിത്രവും ട്രെയിലർ ഇല്ലാതെയാണ് തിയേറ്ററുകളിൽ എത്തിയത്. പാട്ടുകളിലൂടെ മാത്രം ഹൈപ്പ് സൃഷ്ടിച്ച് തിയേറ്ററിലെത്തി ചരിത്ര വിജയം നേടിയ ‘പ്രേമ’ത്തിന്റെ മാജിക് ‘സർവ്വം മായ’യിലും ആവർത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ട്രെയിലർ വേണ്ടെന്നുവെച്ചതിനെക്കുറിച്ച്

“സിനിമ പറയുന്ന പ്രധാന വിഷയം വളരെ ചെറിയൊരു ചിന്തയാണ് (Thought). അത് തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ട് ട്രെയിലർ പുറത്തുവിടുന്നില്ല. പോസ്റ്ററുകളിൽ കാണുന്ന നിവിൻ – അജു കോമ്പോയുടെ രസങ്ങൾക്കപ്പുറം, പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്,” അഖിൽ സത്യൻ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാസ് മസാലകൾക്കിടയിൽ ഒരു ‘ഫീൽ ഗുഡ്’ ചിത്രം

ഇന്നത്തെ ഹിറ്റ് സിനിമകൾ പലതും വലിയ വയലൻസിലും ആക്ഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പഴയ സത്യൻ അന്തിക്കാട് – പ്രിയദർശൻ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ‘ഫീൽ ഗുഡ്’ അനുഭവമാണ് സർവ്വം മായ നൽകുക.

“ഞാൻ വളർന്നത് സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ശ്രീനിവാസന്റെയുമൊക്കെ സിനിമകൾ കണ്ടാണ്. അവരൊന്നും സിനിമയുടെ ക്ലൈമാക്സിൽ വില്ലന്മാരെ കൊന്നിരുന്നില്ല. എന്നാൽ ഇന്ന് ബ്ലോക്ക്ബസ്റ്റർ ആകുന്ന മിക്ക സിനിമകളിലും വില്ലനെ കൊന്ന് അവസാനിപ്പിക്കുന്ന രീതിയാണ് കാണുന്നത്. എനിക്ക് വ്യക്തിപരമായി ഇഷ്ടം തോക്കുകളും കൊലപാതകങ്ങളും ഇല്ലാത്ത, മനസ്സ് നിറയ്ക്കുന്ന സിനിമകളോടാണ്,” അഖിൽ വ്യക്തമാക്കി.

‘ഞങ്ങൾക്കും പേടിയാണ് പ്രേതത്തെ’; വിഎഫ്എക്സ് ഇല്ലാത്ത ഹൊറർ

ഹൊറർ കോമഡി പശ്ചാത്തലമുണ്ടെങ്കിലും ഇതൊരു പക്കാ ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. “എനിക്കും നിവിനും പ്രേതത്തെ ഭയങ്കര പേടിയാണ്. അതുകൊണ്ട് തന്നെ പേടിപ്പിക്കുന്ന ഒരു പ്രേതത്തെ എഴുതാൻ എനിക്ക് പറ്റില്ല. ഞാൻ ഒരു പ്രേതമാണെങ്കിൽ എനിക്ക് വേറെ പ്രേതത്തിനെ പേടിയായിരിക്കും. ആ ചിന്തയിൽ നിന്നാണ് ഇതിലെ പ്രേതം ഉണ്ടായത്,” അഖിൽ സത്യൻ പറഞ്ഞു.

സ്ഥിരം ഹൊറർ സിനിമകളിലെ പോലെ ഞെട്ടിക്കുന്ന ശബ്ദങ്ങളോ (Jump scares) ഭയപ്പെടുത്തുന്ന രൂപങ്ങളോ ഇതിലില്ല. വിഎഫ്എക്സ് (VFX) ഒട്ടും തന്നെയില്ലെന്നും ആകെ ഒരേയൊരു ഷോട്ടിൽ മാത്രമാണ് വിഎഫ്എക്സ് ഉപയോഗിച്ചിട്ടുള്ളതെന്നും സംവിധായകൻ വെളിപ്പെടുത്തി. “എഡിറ്റിംഗ് നടക്കുമ്പോൾ എന്റെ അഞ്ച് വയസ്സുള്ള മകൻ മടിയിലിരുന്ന് ഈ സീനുകൾ കാണാറുണ്ട്. അവൻ അത് കണ്ട് പേടിച്ചിട്ടില്ല. കുട്ടികൾക്കും ധൈര്യമായി തിയേറ്ററിൽ വരാം എന്നതിന്റെ തെളിവ് അതാണ്,” അഖിൽ കൂട്ടിച്ചേർത്തു.

അണിയറ പ്രവർത്തകർ

നിവിൻ പോളിയും അജു വർഗീസും കസിൻസ് ആയ നമ്പൂതിരി യുവാക്കളായാണ് ചിത്രത്തിൽ വേഷമിടുന്നത്. ശരൺ വേലായുധൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ സംഗീതം നൽകുന്നു. അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രം തികച്ചും ഒരു ‘Clean U’ എന്റർടെയ്നർ ആയിരിക്കും.

ദുരൂഹതയുടെ ഇരുളിൽ ബിജു മേനോനും ജോജുവും; ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

അതേ, നിവിൻ പോളി ഈസ് ബാക്ക്! മനസ്സ് നിറച്ച് ‘സർവ്വം മായ’; റിവ്യൂ വായിക്കാം