വമ്പൻ താരനിരയിൽ വീണ്ടും ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി നിവിൻ പോളി – ശ്രീ ഗോകുലം മൂവീസ് ടീം; പ്രഖ്യാപനം ഉടൻ
2018 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം വീണ്ടും നിവിൻ പോളി നായകനാവുന്ന ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്. തങ്ങൾ ഒരുമിച്ചു ഒരു ചിത്രം കൂടി ചെയ്യാനൊരുങ്ങുകയാണെന്ന് നിവിൻ പോളി തന്നെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
വമ്പൻ താരനിര ആയിരിക്കും ചിത്രത്തിൽ അണിനിരക്കുക എന്നും ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്നും സൂചനയുണ്ട്. ഒരുപിടി വലിയ ചിത്രങ്ങളിലൂടെ 2025 തന്റേതാക്കാനുള്ള ഒരുക്കത്തിലാണ് നിവിൻ പോളി. പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രനുമായി ഒന്നിക്കുന്ന ചിത്രം, എബ്രിഡ് ഷൈൻ ഒരുക്കാൻ പോകുന്ന ആക്ഷൻ ഹീറോ ബിജു 2 , 2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രം, ആര്യൻ രമണി ഗിരിജ വല്ലഭൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എന്നിവയും ഈ വർഷം നിവിൻ ചെയ്യുമെന്നാണ് വാർത്തകൾ വരുന്നത്.
All geared up to repeat history once again 🔥@NivinOfficial and @GokulamMovies are teaming up again🎬#GokulamGopalan #NivinPauly#SreeGokulamMovies#Krishnamoorthy pic.twitter.com/4q6MR5NMNY
— SreeGokulamMovies (@GokulamMovies) January 8, 2025
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രവും ഈ വർഷം തന്നെ ആരംഭിക്കും. ജിത്തു മാധവൻ ഒരുക്കാൻ പോകുന്ന മോഹൻലാൽ ചിത്രം, ദിലീപ് നായകനായ ഭ.ഭ.ബ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ എന്നിവയാണ് ഈ നിവിൻ പോളി ചിത്രം കൂടാതെ ഈ വർഷം ഗോകുലം മൂവീസ് നിർമ്മിക്കുന്ന മറ്റു ചില വലിയ ചിത്രങ്ങൾ.
2018 ൽ നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്ക് ശേഷം മോഹൻലാലും, നിവിനും നായകനായ രണ്ടു ചിത്രങ്ങൾ ഒരേ സമയം നിർമ്മിക്കാൻ പോവുകയാണ് ശ്രീ ഗോകുലം മൂവീസ് എന്നതും ഏറെ കൗതുകരമായ വസ്തുതയാണ്.