ധനുഷ് ചിത്രം ‘കുബേര’യിലെ ‘പിപി പിപി ഡും ഡും ഡും’ ഗാനം പുറത്ത്

തമിഴ് സൂപ്പർതാരം ധനുഷിനെ നായകനാക്കി ദേശീയ അവാർഡ് ജേതാവും പ്രശസ്ത തെലുങ്ക് സംവിധായകനുമായ ശേഖർ കമ്മൂല അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘കുബേര’ ജൂൺ 20-ന് തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ പുതിയ വീഡിയോ ഗാനമായ “പിപി പിപി ഡും ഡും ഡും” പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ദേവിശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് ചൈതന്യ പിംഗാളിയാണ്. ഇന്ദ്രാവതി ചൗഹാന്റെ ആലാപനം ഗാനത്തിന് കൂടുതൽ ജീവൻ നൽകുന്നു.
നായികയായ രശ്മിക മന്ദാനയുടെ കഥാപാത്രം കോളേജ് ഹോസ്റ്റലിൽ കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്യുന്ന മനോഹരമായ രംഗങ്ങളാണ് ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ട്രാൻസ് ഓഫ് കുബേര’ എന്ന പേരിൽ മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണയം, ആക്ഷൻ, തീവ്രമായ വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമ്മേളിപ്പിച്ച് ഒരുക്കുന്ന ഒരു ഡ്രാമ ത്രില്ലറാണ് “കുബേര” എന്ന സൂചനയാണ് ടീസർ നൽകിയത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം നാഗാർജുനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവരെ കൂടാതെ ജിം സർഭ്, ദലിപ് താഹിൽ തുടങ്ങിയ അഭിനേതാക്കളും കുബേരയിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോണാലി നാരംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് ആർ ആണ്. തൊട്ട ധരണിയാണ് പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. പിആർഒ ശബരി.