‘നേരി’ന് ഗൾഫ് രാജ്യങ്ങളിലും അതിഗംഭീര കളക്ഷൻ; റിപ്പോർട്ട്…

ബോക്സ് ഓഫീസ് സുൽത്താൻ ആയി മലയാളത്തിൻ്റെ മോഹൻലാൽ തിരികെ എത്തിയിരിക്കുകയാണ് ‘നേര്’ എന്ന ചിത്രത്തിലൂടെ. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ പോസിറ്റീവ് റിവ്യൂ ലഭിച്ച ഈ ജിത്തു ജോസഫ് ചിത്രം മികച്ച പ്രകടനം ആണ് ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് എന്തെന്നാൽ കേരള ബോക്സ് ഓഫീസിനെ വെല്ലുന്ന കളക്ഷൻ ആണ് ചിത്രത്തിന് ഓവർസീസിൽ നിന്ന് ലഭിക്കുന്നത് എന്നതാണ്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് വീക്കെൻഡ് കളക്ഷൻ ആയി ചിത്രത്തിന് ലഭിച്ചത് 1.37 മില്യൺ ഡോളർ (11.4 കോടി) ആണ്. 135000 പ്രേക്ഷകർ ആണ് ഗൾഫ് രാജ്യങ്ങളിൽ നേര് കണ്ടത്. ഇതിൽ 78142 പ്രേക്ഷകർ യുഎഈയിൽ നിന്ന് മാത്രം ചിത്രത്തിന് ലഭിച്ചു. 7.1 കോടി ($ 852K)ആണ് യുഎഈ കളക്ഷൻ. സലാർ, ഡങ്കി പോലെയുള്ള വമ്പൻ ചിത്രങ്ങളോട് മത്സരിച്ച് ആണ് നേരിൻ്റെ ഈ നേട്ടം. അതേ സമയം, കേരള ബോക്സ് ഓഫീസിൽ നിന്ന് നാല് ദിവസം കൊണ്ട് ചിത്രം 11.9 കോടി ഗ്രോസ് കളക്ഷൻ നേടി മുന്നേറുകയാണ്. ഞായറാഴ്ച മാത്രം ചിത്രം 3.62 കോടി കളക്ഷൻ ആണ് കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.