നാനി ചിത്രം ‘ദി പാരഡൈസ്’ ചിത്രീകരണം ആരംഭിച്ചു; റിലീസ് 2026 മാർച്ചിൽ

തെലുങ്ക് സൂപ്പർ താരം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദി പാരഡൈസി’ന്റെ ചിത്രീകരണം ആരംഭിച്ചു. 2026 മാർച്ച് 26-ന് ആഗോളതലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ബഹുഭാഷാ ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്.
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ദസറ’ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ‘ദി പാരഡൈസും’ നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ നാനിക്കൊപ്പം ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ജൂൺ 21-ന് നാനിയുടെ കഥാപാത്രത്തിന്റെ കുട്ടിക്കാലം ചിത്രീകരിച്ചുകൊണ്ടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഹൈദരാബാദിൽ ഒരുക്കിയ കൂറ്റൻ സെറ്റിലാണ് നിലവിൽ ചിത്രീകരണം നടക്കുന്നത്. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം, ഒരു മാസ് പോസ്റ്ററിലൂടെയാണ് നാനി ചിത്രീകരണത്തിൽ ജോയിൻ ചെയ്ത വിവരം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. 40 ദിവസം നീണ്ടുനിൽക്കുന്ന ഹൈദരാബാദ് ഷെഡ്യൂളിലാണ് നാനി ഇപ്പോൾ അഭിനയിക്കുന്നത്.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലായാണ് ‘ദി പാരഡൈസ്’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ കഥാന്തരീക്ഷവും ആഖ്യാന ശൈലിയും പ്രതിഫലിക്കുന്ന ഒരു ഗ്ലിംപ്‌സ് വീഡിയോ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. നാനിയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഇത്. ചിത്രത്തിനായി നാനി വലിയ ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ശ്രീകാന്ത് ഒഡേല രചിച്ച ശക്തമായ തിരക്കഥയിൽ, ഇതുവരെ കാണാത്ത ഒരു മാസ്സ് ലുക്കിലും തീവ്രമായ ശരീരഭാഷയിലുമായിരിക്കും നാനി പ്രത്യക്ഷപ്പെടുകയെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്ന് കൂടിയാണ് ‘ദി പാരഡൈസ്’.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.